യുഎസ് സൈനിക വിമാനത്തില്‍ 119 അനധികൃത കുടിയേറ്റക്കാര്‍ തിരിച്ചെത്തുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ ഭഗവന്ത് മന്‍

ന്യൂഡല്‍ഹി: യുഎസില്‍ നിന്ന് തിരിച്ചയക്കുന്ന 119 ഇന്ത്യക്കാരുമായുള്ള യുഎസ് സൈനിക വിമാനങ്ങള്‍ ഇന്നും നാളെയും ഇന്ത്യയിലെത്തും. പഞ്ചാബിലെ അമൃത്സറിലെ ഗുരു രാം ദാസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സി-17 സൈനിക വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുക.തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍നിന്നും 33 പേര്‍ ഹരിയാണയില്‍നിന്നും 8 പേര്‍ ഗുജറാത്തില്‍നിന്നും 3 പേര്‍ ഉത്തര്‍പ്രദേശില്‍നിന്നുമാണ്. രാജസ്ഥാനില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും ഗോവയില്‍നിന്നും ഓരോരണ്ടുപേര്‍വീതവും ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് ഓരോരുത്തരും ഉൾപ്പെടുന്നു.അനധികൃതമായി യു.എസിലേക്ക് കടന്നവരെയാണ് തിരിച്ചയക്കുന്നത്. കഴിഞ്ഞയാഴ്ച ഇതേ രീതിയിൽ 104 പേരടങ്ങിയ ആദ്യ സംഘത്തെയും യു.എസ്. സൈനിക വിമാനം തിരികെ അയച്ചിരുന്നു.വിമാനങ്ങള്‍ പഞ്ചാബില്‍ ഇറക്കുന്നതിനെതിരേ മുഖ്യമന്ത്രി ഭഗവന്ത് മന്‍ ശക്തമായി പ്രതികരിച്ചു. “പഞ്ചാബിനെ അപമാനിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യതലസ്ഥാനത്തോ മറ്റ് സംസ്ഥാനത്തോ വീതിച്ചില്ല. ഇതൊരു കരുതിക്കൂട്ടിയുള്ള നീക്കമാണ്,” എന്ന് അദ്ദേഹം ആരോപിച്ചു. പഞ്ചാബികളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും അമൃത്സറിനെ ഡിപോര്‍ട്ടേഷന്‍ സെന്ററാക്കാൻ കേന്ദ്രം ലക്ഷ്യമിടുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി.