തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യൂട്യൂബ് ചാനലുമായി സൗരഭ് ഭരദ്വാജ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ മുൻ മന്ത്രി കൂടിയായ ആം ആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ് പുതിയ യൂട്യൂബ് ചാനൽ ആരംഭിച്ചു. ‘തൊഴിൽരഹിതനായ രാഷ്ട്രീയക്കാരൻ’ (ബറോസ്ഗർ നേതാ) എന്നതാണ് ചാനലിന്റെ പേര്.യൂട്യൂബ് ചാനൽ ആരംഭിച്ച കാര്യം എക്‌സ് (മുൻപ് ട്വിറ്റർ) വഴി സൗരഭ് ഭരദ്വാജ് അറിയിച്ചിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാനാണ് ഈ വേദിയെന്ന് അദ്ദേഹം വ്യക്തമാക്കി. ചാനലിലെ ആദ്യ വീഡിയോയിൽ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചാണ് അദ്ദേഹം പങ്കുവച്ചത്.”പലരും എന്നോട് തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഒരു രാഷ്ട്രീയക്കാരന്റെ ജീവിതം എങ്ങനെയാകുമെന്ന് ചോദിക്കുന്നു. അതിനുള്ള മറുപടി ഞാൻ നൽകും,” എന്നാണ് സൗരഭ് ഭരദ്വാജ് പറഞ്ഞത്. ചാനലിലൂടെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങൾ ദിനംപ്രതി അവതരിപ്പിക്കുമെന്നും, പൊതുജനങ്ങൾക്ക് ചർച്ചകളിലും പ്രതികരണങ്ങളിലും പങ്കെടുക്കാൻ അവസരമുണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.ഇതിനകം 52,000 സബ്സ്ക്രൈബർമാരാണ് ചാനലിന് ഉള്ളത്. ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി ശിഖ റോയിയോട് 3,000 വോട്ടുകൾക്ക് സൗരഭ് ഭരദ്വാജ് പരാജയപ്പെട്ടിരുന്നു. 45-കാരനായ അദ്ദേഹം ഒരു എഞ്ചിനീയറിങ് ബിരുദധാരിയാണ്.