കൊച്ചിയെ മുക്കുന്ന ബണ്ട് പൊളിച്ചേക്കും; മണ്ണ് ദേശീയപാതയ്ക്ക് ഉപയോഗിച്ചുകൂടേയെന്ന് ഹൈക്കോടതി

കൊച്ചി ∙ കൊച്ചിയെ വെള്ളത്തിൽ മുക്കുന്ന വടുതല ബണ്ട് പൊളിക്കാൻ സാധ്യത തെളിയുന്നു. ഇതിന്റെ കേസ് ഹൈക്കോടതിയിലായിട്ട് ആറേഴു മഴക്കാലം കഴിഞ്ഞു. വെള്ളക്കെട്ട് ഹൈക്കോടതി പരിസരം വരെയെത്തി. എന്നിട്ടും കേസിൽ അന്തിമ തീരുമാനമായിട്ടില്ല. എങ്കിലും കോടതിയുടെ ഒരു ചോദ്യത്തിലാണു പ്രതീക്ഷ. ബണ്ട് പൊളിച്ച് ആ മണ്ണ് ദേശീയപാത നിർമാണത്തിന് ഉപയോഗിച്ചു കൂടേ എന്നാണു ചോദ്യം.ബണ്ട് ആരു പൊളിക്കുമെന്നതായിരുന്നു ഇതുവരെ തർക്കം. തുറമുഖ ട്രസ്റ്റ് ആണ് ഉത്തരവാദിയെന്നു സർക്കാരും ഞങ്ങൾക്കു പങ്കില്ലെന്നു പോർട്ട് ട്രസ്റ്റും നിലപാടെടുത്തതോടെ കായലിലെ മൺചിറ അങ്ങനെ തന്നെ കിടന്നു. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിലേക്കു റെയിൽവേ ലൈൻ പണിയുന്ന കാലത്ത് നിർമിച്ചതാണു കായലിനു കുറുകെ മൺ ചിറ.ആരും ഏറ്റെടുക്കാതെ വന്നപ്പോൾ, ദുരന്ത നിവാരണ ഫണ്ടിൽ നിന്നു 10 കോടി രൂപ ചെലവിട്ട് 2 സ്പാനിനു കുറുകെയുള്ള മണ്ണെങ്കിലും നീക്കാൻ ജല വിഭവ വകുപ്പു ജില്ലാ കലക്ടർക്കു 2 വർഷം മുൻപു റിപ്പോർട്ട് നൽകിയിരുന്നു.മണ്ണു കിട്ടാതെ ദേശീയപാത നിർമാണം പ്രതിസന്ധിയിലാണെങ്കിൽ ഈ മണ്ണ് ഉപയോഗിച്ചു കൂടേ എന്ന ചോദ്യമാണ് ഇപ്പോൾ പ്രതീക്ഷയ്ക്കു വക നൽകുന്നത്. മണ്ണ് ഡ്രജ് ചെയ്ത് അവിടെനിന്നു മാറ്റി ദേശീയപാത നിർമാണത്തിനു ഉപയോഗിക്കാൻ തയാറാണെന്നു ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. ബണ്ടിന്റെ കാര്യത്തിൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്തവും ഇല്ലെന്നു പറഞ്ഞ പോർട്ടിന്റെ ഇപ്പോഴത്തെ ആവശ്യം, കായലിൽ നിന്നു മാറ്റുന്ന മണ്ണിന്റെ റോയൽറ്റി വേണമെന്നാണ്.