കേരളാ ലളിതകലാ അക്കാദമി 2023-24 ഫെല്ലോഷിപ് സമര്‍പ്പണവും 52-ാമത് സംസ്ഥാന ദൃശ്യകലാപുരസ്കാര സമര്‍പ്പണവും ശനിയാഴ്ച (മാര്‍ച്ച് 15) സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന് നിര്‍വഹിക്കും

‘കേറള്‍ നഹി കേരളം – ആന്‍ഡ് ഐ റൈസ് എഗെയ്ന്’ സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിനും ശനിയാഴ്ച തുടക്കമാകും.
കൊച്ചി : കേരള ലളിതകലാഅക്കാദമി 2023-24 ഫെല്ലോഷിപ് സമര്‍പ്പണവും 52-ാമത് സംസ്ഥാന ദൃശ്യകലാ പുരസ്കാര സമര്‍പ്പണവും ശനിയാഴ്ച (മാര്‍ച്ച് 15) സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാന് നിര്‍വഹിക്കുമെന്ന് കേരള ലളിതകലാഅക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്തും സെക്രട്ടറി എബി എന്‍ ജോസഫും എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വൈകിട്ട് 5.30ന് കൊച്ചി ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിലാണ് പരിപാടി. പുരസ്കാരങ്ങള്‍ നേടിയ — കലാകാരന്മാരുടെ കലാസൃഷ്ടികളുള്പ്പെട്ട ‘കേറള്‍ നഹി കേരളം – ആന്‍ഡ് ഐ റൈസ് എഗെയ്ന്’ സംസ്ഥാന ദൃശ്യകലാ പ്രദര്‍ശനത്തിനും ശനിയാഴ്ച തുടക്കമാകും. കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് സ്വാഗതമാശംസിക്കും. കലാചരിത്രകാരനും നിരൂപകനുമായ ആര്. ശിവകുമാര്‍ ചിത്രകാരന് ഇന്ദ്രപ്രമിത് റോയ്ക്കു നല്കി പ്രദര്‍ശനത്തിന്റെ കാറ്റലോഗ് പ്രകാശിപ്പിക്കും. ഹൈബി ഈഡന് എം പി മുഖ്യാതിഥിയാകും. മുന്‍ കേന്ദ്രമന്ത്രിയും കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രൊഫ. കെ വി തോമസ് മുഖ്യപ്രഭാഷണം നടത്തും. ഗാലറി 1 (എറണാകുളം ദര്‍ബാര്‍ഹാള്‍) ല്‍ നടക്കുന്ന ചിത്രശില്‍പ്പകലാ പ്രദര്‍ശനം മന്ത്രി സജി ചെറിയാനും, ഗാലറി 2 (ഹൈക്കോടതിക്കുസമീപമുള്ള മഹാകവി ജി സ്മാരക ആര്‍ട്ട് ഗാലറി) ല്‍ നടക്കുന്ന കാര്‍ട്ടൂണ്‍, ഫോട്ടോഗ്രഫി, ന്യൂ മീഡിയ പ്രദര്‍ശനം സംസ്ഥാന
സാംസ്കാരികവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. രാജന് എന്‍. ഖോബ്രഗഡേയും ഉദ്ഘാടനം ചെയ്യും. കേരള ലളിതകലാഅക്കാദമി പ്രസിദ്ധീകരണങ്ങളുടെ സംസ്ഥാനതല വിപണനോല്സവം
സാംസ്കാരിക വകുപ്പ് ഡയറക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. സജിത ആര്. ശങ്കര്‍ പുസ്തകം ഏറ്റുവാങ്ങും. വിശിഷ്ടാംഗത്വം ലഭിച്ച കലാകാരരായ എന്‍.എന്‍. മോഹന്‍ദാസ്, സജിത ആര്. ശങ്കര്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തും. സെക്രട്ടറി എബി എന്‍. ജോസഫ് കൃതജ്ഞത രേഖപ്പെടുത്തും. തുടര്‍ന്ന് കേരള ലളിതകലാഅക്കാദമിയും സെക്രട്ട് ഹാര്‍ട്ട് കോളേജ് തേവരയുമായുള്ള ങഛഡ ഒപ്പുവെയ്ക്കും.
സംസ്ഥാന പുരസ്കാര സമര്‍പ്പണ ചടങ്ങുകളുടെ ഭാഗമായി വൈകുന്നേരം 7 മണിക്ക് അലോഷിയും സംഘവും അവതരിപ്പിക്കുന്ന ‘സംഗീത സദിര്’ ഉണ്ടായിരിക്കും.
ചിത്ര-ശില്പകലാരംഗത്ത് മികച്ച സംഭാവനകള്‍ക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ വിശിഷ്ടാംഗത്വത്തിന് (ഫെല്ലോഷിപ്പ്) പ്രശസ്ത കലാകാരരായ എന്‍.എന്‍. മോഹന്‍ദാസും സജിത ആര്. ശങ്കറുമാണ് തെരഞ്ഞെടുക്കപ്പെട്ടത്. 75,000/-രൂപയും ശില്പവും പ്രശസ്തിപത്രവും പൊന്നാടയുമടങ്ങുന്നതാണ് ഫെല്ലോഷിപ്പ്.
പെയ്ന്റിംഗ്, ശില്‍പ്പം, ന്യൂ മീഡിയ, ഫോട്ടോഗ്രഫി, കാര്‍ട്ടൂണ്‍ വിഭാഗങ്ങളിലായി ലഭിച്ച 756 അപേക്ഷകളില്‍ നിന്ന് പ്രാഥമികഘട്ട മൂല്യനിര്‍ണയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 354 കലാകാരരില്‍ നിന്നാണ് സംസ്ഥാന പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. പ്രമുഖ കലാകാരരായ സുധീര്‍ പട്വര്ദ്ധന്, പി. ഗോപിനാഥ്, ബീന പോള്‍, വി.കെ. രാജന്, ടോം.ജെ. വട്ടക്കുഴി, റസല്‍ ഷാഹുല്‍, അനുപ് രാധാകൃഷ്ണന്, രതീഷ് രവി എന്നിവരാണ് 2023-24 വര്‍ഷത്തെ കലാപുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്. സാഹിത്യ നിരൂപകനും നാടകകൃത്തുമായ ഇ പി രാജഗോപാലന്‍, കലാനിരൂപകനും ക്യൂറേറ്ററുമായ ജോണി
എം എല്‍, കലാചരിത്രകാരി ഡോ. ശ്രീലക്ഷ്മി എസ്.ബി. എന്നിവരാണ് പുസ്തക വിഭാഗത്തിലെ ജേതാവിനെ തെരഞ്ഞെടുത്തത്.
അഭിമന്യു വി.ജി., ഹരീന്ദ്രന്‍ ടി.കെ., ടി.എം.അസീസ്, രാധ ഗോമതി, സുനില്‍ലാല്‍ ടി.ആര്, ടോം ജെ
വട്ടക്കുഴി, റസല്‍ ഷാഹുല്‍, വിവേക് വിലാസിനി എന്നിവരായിരുന്നു പ്രാഥമിക ജൂറി അംഗങ്ങള്‍. മെമ്പര്‍ സെക്രട്ടറിയായി എന്‍. ബാലമുരളീകൃഷ്ണനും പങ്കെടുത്തു.
അഖില്‍ മോഹന്‍, അരുണ്‍ കെ എസ്, ബേസില്‍ ബേബി, ഹിമ ഹരി, പി എസ് ജയ, മുബാറക് ആത്മത, വി ആര് രാഗേഷ് എന്നിവരാണ് ഇത്തവണത്തെ സംസ്ഥാന പുരസ്കാര ജേതാക്കള്‍. അനുപമ ഏലിയാസ് അനില്‍, ഗായത്രി എ പി, മുഹമ്മദ് സാലിഹ് എം എം, വിദ്യാദേവി പി, വിനോദ് അമ്പലത്തറ, മധു എടച്ചന, ശരത് പ്രേം, ഹരീഷ് മോഹന്‍ സി, കെ വി എം ഉണ്ണി എന്നിവര്‍ ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരങ്ങള്‍ നേടി. വി ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് ജയശ്രീ പി ജി, വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണമെഡലിന് രതീഷ് കക്കാട്ട് എന്നിവരും കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേക പുരസ്കാരങ്ങള്‍ക്ക് അനസ് അബൂബക്കര്‍, ഗ്രീഷ്മ സി, ജോസഫ് ജെ ജോസഫ്, കീര്‍ത്തി ആര്., ശാദിയ
സി കെ എന്നിവരും രാജന് എം കൃഷ്ണന് എന്‍ഡോവ്മെന്റ് അവാര്‍ഡിന് റിഞ്ചു വെള്ളിലയും കലാസംബന്ധിയായ മൗലികഗ്രന്ഥത്തിനുള്ള അവാര്‍ഡിന് ഡോ. കവിതാ ബാലകൃഷ്ണനും അര്‍ഹരായി.
ദൃശ്യകലാ വിഭാഗത്തില്‍ 50,000/-രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് ഏഴ് സംസ്ഥാന അവാര്‍ഡുകള്‍. ഇവയ്ക്കു പുറമെ 25,000/-രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന ഒമ്പത് ഓണറബിള്‍ മെന്‍ഷന്‍ അവാര്‍ഡുകളും കലാവിദ്യാര്‍ത്ഥികള്‍ക്ക് 10,000/- രൂപയും ശില്പവും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അഞ്ച് സ്പെഷ്യല്‍ മെന്‍ഷന്‍ അവാര്‍ഡുകളം മികച്ച ഛായാ/ഭൂഭാഗ ചിത്രത്തിന് ശങ്കരമേനോന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗ ചിത്രത്തിന് വിജയരാഘവന് എന്‍ഡോവ്മെന്റ് സ്വര്‍ണ്ണ മെഡലും മികച്ച കലാസൃഷ്ടിക്കുള്ള 15,000/- രൂപയും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന രാജന് എം. കൃഷ്ണന് എന്‍ഡോവ്മെന്റ് അവാര്‍ഡുമാണ് നല്‍കുന്നത്.
ശനിയാഴ്ച (മാര്‍ച്ച് 15ന്) ആരംഭിക്കുന്ന കലാപ്രദര്‍ശനം ഏപ്രില്‍ 4 വരെ നീണ്ടു നില്ക്കും. രാവിലെ 11 മുതല്‍ വൈകീട്ട് 7 വരെയാണ് പ്രദര്‍ശന സമയം.
ഫെലോഷിപ്പ്
എന്‍.എന്‍. മോഹന്‍ദാസ്
എറണാകുളം ജില്ലയിലെ കാക്കൂര്‍ എന്ന പ്രദേശത്താണ് എന്‍.എന്‍. മോഹന്‍ദാസ് ജനിച്ചത്. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് പെയ്ന്റിഗില് കലാപഠനം പൂര്‍ത്തിയാക്കിയ തിനുശേഷം ഉപരിപഠനം ബറോഡ എം.എസ്.യൂണിവേഴ്സിറ്റിയില്‍ 1985 ല്‍ അദ്ദേഹം പൂര്‍ത്തീകരിച്ചു. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങളില്‍ സാധാരണഗതിയില്‍ മനുഷ്യരൂപങ്ങള്‍ കാണാറില്ല. ഒരു തരം സെമി അബ്സ്ട്രാക്ഷന്‍ ചിത്രങ്ങള്‍ എന്നു പറയാം. ഒരു പ്രത്യേക ഘട്ടത്തില്‍ മോഹന്‍ദാസ് പക്ഷികള്‍ക്കാണ് പ്രതിനിധാനം/പ്രതിബിംബം എന്ന രീതിയില്‍ പ്രാധാന്യം നല്‍കിയിരുന്നത്. മനുഷ്യപ്രയത്നത്തിലൂടെയാണ് ആധുനികമായ ഇടങ്ങളും അവയെ ചലിപ്പിക്കുന്ന ബലങ്ങളും ഉണ്ടാകുന്നത് എങ്കിലും ആധുനികതയുടെ മുഖമുദ്രയായ ഏകാന്തതയും അനന്യത്വവും മോഹന്‍ദാസിന്റെ ചിത്രങ്ങളുടെ പ്രത്യേകതയാണ്. വര്‍ഷങ്ങളായി മട്ടാഞ്ചേരിയില്‍ വസിക്കുന്ന മോഹന്‍ദാസിന്റെ ചിത്രങ്ങളില്‍ അവിടുത്തെ തെരുവുകളും വഴിയോര കഫേകളും പല രീതിയില്‍ നിലകൊള്ളുന്ന മനുഷ്യരും അബ്സ്ട്രാക്ട് ഇമേജുകളും കടന്നു വരുന്നു. വിവരണാത്മകതയെ ബോധപൂര്‍വം നിഷേധിച്ച മോഹന്‍ദാസ് പക്ഷെ തനിയ്ക്ക് ചുറ്റുമുള്ള മനുഷ്യരുമായി നിരന്തരം സംഭാഷണങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടേയിരുന്നു. കമ്പോളം ആവശ്യപ്പെടുന്ന തരത്തിലുള്ള പരന്ന പ്രതലങ്ങളെയും കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളെയും തന്റെ ചിത്രങ്ങളില്‍ നിന്ന് ഒഴിവാക്കിയ മോഹന്‍ദാസ്, തനിയ്ക്ക് ചുറ്റുമുള്ള മനുഷ്യരെ തന്റേതായ ഒരു ശൈലിയില്‍ വരച്ചിടുന്നതില്‍ വിജയം കണ്ടു. മട്ടാഞ്ചേരിയുടെ തെരുവുകളും പരിസരങ്ങളും മനുഷ്യജീവിതങ്ങളും ലോകത്തിലെ ഏതൊരു ഇടത്തെയും മനുഷ്യരുടെയും തെരുവുകളുടെയും ജീവിതങ്ങള്‍ക്ക് തുല്യമാണെന്ന് തന്റെ ചിത്രങ്ങളിലൂടെ പറയുകയും അങ്ങനെ പ്രാദേശികതയിലൂന്നിയ ഒരു ആഗോളമാനവികതയെ കലാസന്ദേശമാക്കി മാറ്റുകയും ചെയ്തു.
സജിത ആര് ശങ്കര്‍
1967 ല്‍ കോട്ടയം ജില്ലയിലെ കുമാരനെല്ലൂരിലാണ് സജിത ശങ്കറിന്റെ ജനനം. തിരുവനന്തപുരം കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് പെയ്ന്റിങ്ങില്‍ ബിരുദം നേടിയതിനുശേഷം വളരെ വര്‍ഷങ്ങളോളം തമിഴ്നാട്ടിലെ ചോളമണ്ഡല്‍ ആര്‍ട്ടിസ്റ്റ് വില്ലേജില്‍ താമസിച്ചാണ് അവര്‍ തന്റെ കലാസപര്യ തുടര്‍ന്നത്. സജിതയുടെ ആദ്യകാല രചനകള്‍ ചാര്‍ക്കോളും അക്രിലികും ഉപയോഗിച്ച് വരച്ചവയായിരുന്നു. പിന്നീടത് പല മാധ്യമങ്ങളിലേക്കും വ്യാപിച്ചു അവരുടെ ആദ്യകാല ചിത്രങ്ങളിലധികവും ആത്മകഥാപരമായിരുന്നു.
സജിത ശങ്കര്‍ ലോകത്തിന്റെ പലഭാഗത്തും സഞ്ചരിക്കുകയും പല വര്‍ക്ക്ഷോപ്പുകളിലും കൊളാബറേറ്റീവ് വര്‍ക്കുകളില്‍ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. 2007 ല്‍ തിരുവനന്തപുരം ജില്ലയിലെ കല്ലാറിന്റെ തീരത്ത് ഗൗരി ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുകയും കലാകാരരുടെ റസിഡന്‍സി പ്രോഗ്രാം അടക്കം നിരവധി കലാപ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും ചെയ്യുന്നു.
ലോകത്തിലെ പല ഗ്യാലറികളിലും പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള സജിത ശങ്കറിന്റെ സ്ത്രീയും പ്രകൃതിയും പോലുള്ള വിവിധ പരമ്പരകള്‍, പ്രണയ പരമ്പരകളുടെ കവിത, നവഗ്രഹ പരമ്പര എന്നിവ ശ്രദ്ധേയങ്ങളാണ്. അവരുടെ സൃഷ്ടികള്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ബാംഗ്ലൂര്‍, ഡല്‍ഹി ആര്‍ട്ട് ഗാലറി – ന്യൂഡല്‍ഹി, നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് ന്യൂഡല്‍ഹി, അലയന്‍സ് ഫ്രാഞ്ചൈസ് ഡി ചെന്നൈ, ലളിത് കലാ അക്കാദമി ന്യൂഡല്‍ഹി, മദ്രാസ് മ്യൂസിയം, കത്സുയാമ സിറ്റി സെന്റര്‍ ജപ്പാന്, ങടടഞഎ ചെന്നൈ, ക്ലീവ് ലാന്‍ഡ് ആര്‍ട്ട് ഗാലറി മിഡില്‍സ്ബ്രോ എന്നിവിടങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സംസ്ഥാന പുരസ്കാര ജേതാക്കള്‍
അഖില്‍ മോഹന്‍
എറണാകുളം ജില്ലയിലെ രാമമംഗലത്താണ് അഖില്‍ മോഹന്റെ ജനനം. 2011 ല്‍ ബി.എഫ്.എ.യും
2013 ല്‍ എം.എഫ്.എ.യും തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളേജില്‍ നിന്നും ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ ജനിച്ചുവളര്‍ന്ന ഒരു മലയാളി എന്ന നിലയില്‍ പ്രകൃതിയുമായി വല്ലാത്തൊരു അടുപ്പം സ്വാഭാവികമായും അഖില്‍ മോഹനുണ്ട്. ഈ ബന്ധം ഒരു ദാര്‍ശനിക സ്വഭാവത്തില്‍ കാണുകയാണ് അഖില്‍ തന്റെ കലാസൃഷ്ടികളിലൂടെ. ഒരു കര്ഷകന് കൃഷിഭൂമി ഒരുക്കുന്നതുപോലെ തന്നെ മണ്ണിരയും കൃഷിഭൂമിയെ ഫലഭൂയിഷ്ഠമാക്കാന്‍ സഹായിക്കുന്നു. കാര്‍ഷിക ജീവിതത്തിലെ ഉപകരണങ്ങളും വിത്തുകളും സസ്യങ്ങളുമാണ് അഖിലിന്റെ കലാസൃഷ്ടികളില്‍ ഏറിയ പങ്കും. 2013 മുതല്‍ രാജ്യത്തെ നിരവധി ഗ്യാലറികളില്‍ ശ്രദ്ധേയ കലാപ്രദര്‍ശനങ്ങളില്‍ പങ്കെടുത്തിട്ടുള്ള അഖില്‍ മോഹന്‍ 2017 ല്‍ നാഷണല്‍ ലളിത്കല അക്കാദമിയുടെ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. 2016, 2018, 2022 വര്‍ഷങ്ങളില്‍ കേരള ലളിതകലാഅക്കാദമി ഓണറബിള്‍ മെന്‍ഷന്‍ പുരസ്കാരം ലഭിച്ചു. 2014-2016 വര്‍ഷത്തില്‍ സാംസ്കാരിക വകുപ്പ് മന്ത്രാലയത്തിന്റെ യുവ കലാകാരര്‍ക്കുള്ള സ്കോളര്‍ഷിപ്പ്, 2014 ല്‍ കനോറിയ സെന്റര്‍ ആര്‍ട്ടിസ്റ്റ് റസിഡന്‍സി പ്രോഗ്രാം എന്നിവ ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമിയുടേതടക്കം നിരവധി കലാ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുള്ള അഖില്‍ മോഹന്‍ ഇപ്പോള്‍ കൊച്ചിയില്‍ താമസിച്ച് സര്ഗ്ഗപ്രവൃത്തികളില് മുഴുകുന്നു. അഖില്‍ മോഹന്റെ ‘റൈസ് സീരീസ് – 58’ എന്ന ഡ്രോയിങ്ങിനാണ് സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
അരുണ്‍ കെ.എസ്.
1999-ല്‍ തൊടുപുഴയിലാണ് അരുണ്‍ കെ.എസിന്റെ ജനനം. ബി.എഫ്.എയും എം.എഫ്.എ.യും കാലടി ശ്രീ ശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് അരുണ്‍ പൂര്‍ത്തീകരിച്ചത്. ചുറ്റുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് അരുണിന്റെ ആര്‍ട്ട് പ്രാക്ടീസ് പുരോഗമിക്കുന്നത്. ആവാസ വ്യവസ്ഥയുടെ മാറ്റത്തിനനുസരിച്ച് പലപ്പോഴും പല സാമൂഹിക പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്നു. ആവാസ വ്യവസ്ഥയുടെ മാറ്റത്തെ പുനര്‍ നിര്‍മ്മാണം നടത്താനുള്ള സാധ്യതകളാണ് അരുണ്‍ തന്റെ സൃഷ്ടികളിലൂടെ തേടുന്നത്. 2020 ലും 2023 ലും ശങ്കരാചാര്യ യൂണിവേഴ്സിറ്റിയില്‍ നടത്തിയ കലാക്യാമ്പുകളിലും 2023 ലും 2024 ലും പാലക്കാടുള്ള അഹല്യ ഹെറിറ്റേജ് വില്ലേജില്‍ സംഘടിപ്പിച്ച ക്യാമ്പുകളിലും അരുണ്‍ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഈ കാലയളവില്‍ വുഡ് കാര്‍വിങ്, പ്രിന്റ് മേക്കിങ് വര്‍ക്ക്ഷോപ്പുകളിലും പങ്കെടുത്തിട്ടുണ്ട്. കാലടി യൂണിവേഴ്സിറ്റിയിലും ചാലക്കുടി, കലാമണ്ഡലം, നോര്‍ത്ത് പറവൂര്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച കലാപ്രദര്‍ശനങ്ങളിലും അരുണ്‍ കെ.എസ്. ഭാഗമായിട്ടുണ്ട്. അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ശീര്‍ഷകമില്ലാത്ത ശില്പത്തിനാണ്.
ബേസില്‍ ബേബി
1989 ല്‍ കൊച്ചിയിലാണ് ബേസില്‍ ബേബി ജനിച്ചത്. മിക്സഡ് മീഡിയ വര്‍ക്കുകള്‍ ചെയ്യാന്‍ ആഗ്രഹമുള്ള അദ്ദേഹം വലിയ സ്കെയിലിലാണ് മിക്കവാറും തന്റെ കലാസൃഷ്ടികള്‍ ചെയ്യാറുള്ളത്. പുരാണങ്ങളും മനുഷ്യപ്രകൃതിയുമായുള്ള ഒരു പാരസ്പര്യ സ്വഭാവമാണ് തന്റെ കലാസൃഷ്ടികളിലൂടെ അദ്ദേഹം ശ്രമിക്കാറുള്ളത്. 2010 ല്‍ തൃശ്ശൂര്‍ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ബി.എഫ്.എയും 2014 ല്‍ ഡല്‍ഹി യൂണിവേഴ്സിറ്റില്‍ നിന്ന് എം.എഫ്.എ.യും ലഭിച്ച ബേസില്‍ തായ്ലാന്റില് സോളോ എക്സിബിഷന് നടത്തിയിട്ടുണ്ട്. കൊച്ചി മുസിരീസ് ബിനാലെയിലെ ഫൈനല്‍ ഡിസ്പ്ലെ ഓഫ് മാസ്റ്റര്‍ പ്രാക്ടീസ് സ്റ്റുഡിയോയില്‍ പങ്കെടുത്തതുകൂടാതെ കൊച്ചിയിലെ ഡേവിഡ് ഹാള്‍, ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, മുസൂറി, ന്യൂഡല്‍ഹിയിലെ ടൈം ഓഫ് ഇന്ത്യ, ഹൗസ് ഖാസ്, കോളേജ് ഓഫ് ആര്‍ട്ട്, ജെ.എന്‍.യു എന്നിവിടങ്ങളിലും ചെന്നൈ കൊല്‍ക്കത്ത തൃശ്ശൂര്‍ നഗരങ്ങളിലും വിവിധ ഗ്രൂപ്പ് എക്സിബിഷനുകളില്‍ അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘എവരിതിംങ് യു നോ ഈസ് നോട്ട് ടോട്ട് ബൈ ഹ്യൂമന്‍സ്’ എന്ന ഡ്രോയിങ്ങിനാണ് അദ്ദേഹത്തിന് അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
ഹിമ ഹരി
ഹിമ ഹരിക്ക് തൃശ്ശൂര്‍ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്നും ബി.എഫ്.എയും തിരുവനന്തപുരത്തെ ടൂണ്‍സ് അക്കാദമിയില്‍ നിന്ന് കംപ്യൂട്ടര്‍ ആനിമേഷനില്‍ പിജി ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്. ഇടുക്കിയിലെ രാജാക്കാടാണ് ഹിമയുടെ സ്വദേശം. ഹിമ ഹരിയുടെ കലായാത്ര അടയാളപ്പെടുത്തുന്നത് വൈയക്തിക മായുള്ള അറിവുകളിലൂടെയും സാമൂഹിക ചുറ്റുപാടുകളിലൂടെയുള്ള ഇടപെടലുകളിലൂടെയുമാണ്. ഹിമയുടെ സര്‍ഗ്ഗാത്മകതലം രൂപപ്പെടുന്നതും വളരെ വ്യത്യസ്ത അനുവാചകരാലാണ്. പ്രസിദ്ധമായ ‘ലോകമേ തറവാട്,’ ലളിതകലാ അക്കാദമിയും ബിനാലെ ഫൗണ്ടേഷനുമായി സഹകരിച്ച് എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സംഘടിപ്പിച്ച ‘ഇടം’ എന്നിവ ഹിമ പങ്കെടുത്ത ശ്രദ്ധേയ പ്രദര്‍ശനങ്ങളാണ്. ഹിമയുടെ കമ്യൂണിറ്റി ആര്‍ട്ട് പ്രൊജക്ടുകളില്‍ ചിലതാണ് ‘ബെയ്ക്ഡ് എര്‍ത്ത്’, ‘ഉരുവം’, ‘ചലനം’ എന്നിവ. ഇത്തരം പ്രൊജക്ടുകളില്‍ സജീവമായി ഇടപ്പെടുന്നതിലൂടെ അവരുടെ സാമൂഹിക പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവുമാണ് വ്യക്തമാവുന്നത്. കേന്ദ്രഗവണ്മെന്റിന്റെ കലാരംഗത്ത് നല്കുന്ന ദേശീയ സ്കോളര്‍ഷിപ്പ് ഹിമ ഹരിഹരന് ലഭിച്ചിട്ടുണ്ട്. ‘മില്‍ക്കി വേ’ എന്ന ചിത്രത്തിനാണ് ഹിമക്ക് അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
പി.എസ്. ജയ
1990-ല്‍ പെരുമ്പാവൂരിലാണ് പി.എസ്. ജയയുടെ ജനനം. തൃപ്പൂണിത്തുറ ആര്.എല്‍.വി. കോളേജില്‍ 2011 ല്‍ ബി.എഫ്.എ.യും 2015ല്‍ എം.എഫ്.എ.യും പൂര്‍ത്തിയാക്കി. 2014 ല്‍ ലളിതകലാ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ യുവ കലാകാരര്‍ക്കുള്ള സ്കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ള അവര്‍ 2021 ല്‍ അക്കാദമിയുടെ ആലപ്പുഴ ആര്‍ട്ട് ഗ്യാലറിയില്‍ സോളോ എക്സിബിഷന് സംഘടിപ്പിച്ചിട്ടുണ്ട്. 2014 ല്‍ സ്റ്റുഡന്‍സ് ബിനാലെയിലും 2022 ല്‍ റാസ ഫൗണ്ടേഷന് ന്യൂഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തിലും ജയ പങ്കെടുത്തിട്ടുണ്ട്. കൂടാതെ ബാംഗ്ലൂരിലെ ഉഥഡ ആര്‍ട്ട് ഗ്യാലറിയിലും കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കേരള ലളിതകലാഅക്കാദമിയടക്കം വിവിധ സാംസ്കാരിക സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച ക്യാമ്പുകളിലും വര്‍ക്ക്ഷോപ്പുകളിലും 2014 മുതല്‍ അവര്‍ പങ്കെടുത്തിട്ടുണ്ട്. ചിത്രരചന കൂടാതെ ധാരാളം പബ്ലിക് പ്രൊജക്ടുകളും പെര്‍ഫോമന്‍സുകളും ജയ ചെയ്യാറുണ്ട്. കേരളത്തിലെ വിവിധ ഗ്യാലറികളില്‍ ജയയുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
സമൂഹത്തിനുള്ളില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്ന പുരുഷാധിപത്യ കുടുംബ ഘടനയ്ക്കുള്ളിലെ സ്ത്രീ ജീവിതത്തിന്റെയും വിശുദ്ധ കുടുംബം എന്ന സങ്കല്പത്തിനുള്ളില് മറഞ്ഞിരിക്കുന്ന ചൂഷണത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അധീശത്വത്തിന്റെയും കാഴ്ചകളാണ് പി.എസ്. ജയയുടെ വര്‍ക്കുകളുടെ അടിസ്ഥാന ആശയം. ‘സ്റ്റില്‍ ലൈഫ് സീരീസ് – 1 എന്ന ചിത്രത്തിനാണ് അവര്‍ക്ക് അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത്.
മുബാറക് ആത്മത
1974-ല്‍ പാലക്കാടാണ് മുബാറക് എന്‍.കെ. ജനിച്ചത്. ഫോട്ടോഗ്രാഫിയാണ് സര്‍ഗ്ഗ പ്രകാശനത്തിനായി മുബാറക് ഉപയോഗിക്കുന്ന മാധ്യമം. നിത്യജീവിതത്തില്‍ കാണുന്ന വസ്തുക്കളും, കാഴ്ചകളുമാണ് മുബാറക്കിന്റെ ലെന്‍സില്‍ പതിയുന്നത്. ‘ലോസ് ഓഫ് ഇനേര്‍ഷ്യ’ എന്ന പരമ്പരയിലെ അദ്ദേഹത്തിന്റെ സൃഷ്ടികളില്‍ മനുഷ്യന്റെ ഭൗതികവും ജഡത്വവും തമ്മിലുള്ള ഒരു ഇന്‍ര്‍ പ്ലെ ആണുള്ളത്. അത്തരത്തില്‍ ശാശ്വതമായ ഒരു പ്രതിരോധമാണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. കോവിഡ് – 19 സമൂഹത്തില്‍ സൃഷ്ടിച്ച പ്രശ്നങ്ങളാണ് അദ്ദേഹത്തിനെ ഇത്തരത്തിലൊരു പരമ്പര കലാസൃഷ്ടികള്‍ക്ക് പ്രേരകമായത്. 1996 മുതല്‍ പാലക്കാട് ജില്ലയില്‍ നിരവധി സോളോ എക്സിബിഷനുകള്‍ സംഘടിപ്പിച്ചിട്ടുള്ള മുബാറക് 2023 ല്‍ കേരള ലളിതകലാ അക്കാദമിയുടെ ഗ്രാന്റോടെ ‘വെര്‍ട്ടിക്കല്‍’ എന്ന ശീര്‍ഷകത്തില്‍ തൃശ്ശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ സോളോ എക്സിബിഷന് സംഘടിപ്പിച്ചിട്ടുണ്ട്. കലാനിരൂപകന് പാവേലാണ് പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തത്. മുബാറക് എന്‍.കെ.ക്ക് ഫോട്ടോഗ്രാഫി വിഭാഗത്തില്‍ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ‘ലോസ് ഓഫ് ഇനേര്‍ഷ്യ -19’ എന്ന ഫോട്ടോഗ്രാഫിനാണ്.
വി.ആര്. രാഗേഷ്
കണ്ണൂര്‍ ജില്ലയിലെ കരുവഞ്ചാല്‍ സ്വദേശിയായ രാഗേഷ് വി.ആര്. കേരളത്തിലെ പ്രഗത്ഭനായ ഒരു രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റാണ്. നിലവിലെ ഇന്ത്യന്‍ സോഷ്യോ പൊളിറ്റിക്കല്‍ സാഹചര്യങ്ങളെ തന്റെ മീഡിയത്തിലൂടെ വളരെ നിരുപകാത്മകമായി ചിത്രീകരിക്കുന്ന ഇദ്ദേഹം മാധ്യമം പത്രത്തില്‍ വര്‍ക്ക് ചെയ്തു വരുന്നു. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ അക്കാദമിയുടെ സംസ്ഥാന പുരസ്കാരം ലഭിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ ‘ബുള്‍ഡോസറൈസേഷന്‍ ഓഫ് എഡ്യൂക്കേഷന്‍’, ‘ഹേ റാം’ എന്നീ കാര്‍ട്ടൂണുകള്‍ക്കാണ്.
കലാസംബന്ധിയായ മികച്ച മൗലിക ഗ്രന്ഥത്തിനുള്ള അവാര്‍ഡ്
ഡോ. കവിത ബാലകൃഷ്ണന്
ശ്രദ്ധേയയായ കലാനിരൂപകയും കലാചരിത്രകാരിയും ചിത്രകാരിയുമായ കവിത ബാലകൃഷ്ണന് 1998 മുതല്‍ 1999 കാലഘട്ടത്തില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ ആര്‍ട്ട് ഹിസ്റ്ററി അദ്ധ്യാപികയായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് തൃപ്പൂണിത്തുറയിലെ ആര്.എല്‍. വി. കോളേജ് ഓഫ് മ്യൂസിക് ആന്‍ഡ് ഫൈന്‍ ആര്‍ട്സിലും മുംബൈയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി (എന്‍ഐഎഫ്ടി) എന്നിവിടങ്ങളിലും വിസിറ്റിംഗ് ഫാക്കല്‍റ്റിയായി ജോലി ചെയ്തിട്ടുണ്ട്. കവിത ബാലകൃഷ്ണന് നിലവില്‍ ആര്‍ട്ട് ഹിസ്റ്ററി, സൗന്ദര്യശാസ്ത്ര ലക്ചറര്‍ ആയി തൃശൂരിലെ ഫൈന്‍ ആര്‍ട്സ് കോളേജില്‍ സേവനമനുഷ്ഠിക്കുന്നു. ഡോ. കവിത ബാലകൃഷ്ണന്റെ ‘ദൃശ്യകലയിലെ ജന്‍ഡര്‍ രാഷ്ട്രീയം’ എന്ന പുസ്തകത്തിനാണ് അവാര്‍ഡ്