“ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ് ഫോൺകോളുകൾ; ജാഗ്രതാ നിർദേശം”

ന്യൂയോർക്ക് ∙ അമേരിക്കയിൽ ഇന്ത്യൻ എംബസിയുടെ പേരിൽ വ്യാജ ഫോൺകോളുകൾ വർധിക്കുന്നതായി മുന്നറിയിപ്പ്. പാസ്പോർട്ട്, വിസ രേഖകളിലെ പിശകുകൾ തിരുത്തുന്നതിനായി പണം ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പ് നടത്തുന്നത്.
എംബസിയുടെ ഫോൺനമ്പറിന് സമാനമായ നമ്പർ ഉപയോഗിച്ചോ എംബസിയിൽ നിന്നാണെന്ന് അവകാശപ്പെട്ടോ ആണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നത്. രേഖകളിൽ തെറ്റുണ്ടെന്നും അതിന് തിരുത്തൽ നടത്താതെ പോയാൽ നാടുകടത്തുമെന്നും തടവിലാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് ആദ്യം പരിഭ്രാന്തി പരത്തുന്നത്. പിന്നീട് അതിൽ നിന്ന് രക്ഷപ്പെടാൻ പണം ആവശ്യപ്പെടുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പെടെ തട്ടിപ്പുകാർ ആവശ്യപ്പെടുന്നുണ്ടെന്ന് പരാതികളിൽ വ്യക്തമാകുന്നു. പാസ്പോർട്ട്, വിസ, ഇമിഗ്രേഷൻ രേഖകളിലെ തിരുത്തലുകൾക്കായി അപേക്ഷകരുമായി നേരിട്ടുള്ള ആശയവിനിമയത്തിന് എംബസി @mea.gov.in എന്ന ഔദ്യോഗിക ഇമെയിൽ ഐഡി മാത്രമേ ഉപയോഗിക്കുകയുള്ളുവെന്ന് അറിയിച്ചു.
വ്യാജ കോളുകൾ വന്നാൽ പരിഭ്രാന്തരാകരുതെന്നും വ്യക്തിഗത വിവരങ്ങളോ സാമ്പത്തിക വിവരങ്ങളോ പങ്കുവയ്ക്കരുതെന്നും ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറത്തിറക്കി.