യുഎസ് ദക്ഷിണ സുഡാനുകാരുടെ മുഴുവൻ വിസയും റദ്ദാക്കി

വാഷിംഗ്ടൺ: യുഎസ് ഭരണകൂടം ദക്ഷിണ സുഡാനിൽ നിന്നുള്ള മുഴുവൻ പൗരന്മാരുടെയും വിസ റദ്ദാക്കി. അനധികൃത കുടിയേറ്റത്തിനെതിരായ കടുത്ത നിലപാടിന്റെ ഭാഗമായാണ് ഈ നടപടി. യുഎസിൽ നിന്ന് നാടുകടത്തിയ പൗരന്മാരെ തിരിച്ചെടുക്കാൻ തയാറാകാത്ത ദക്ഷിണ സുഡാൻ സർക്കാരിന്റെ നിലപാട് കടുത്ത പ്രത്യാഘാതങ്ങളിലേക്കാണ് നയിച്ചത്.
തങ്ങളുടെ രാജ്യത്ത് നിന്നുള്ള അനധികൃത കുടിയേറ്റക്കാർക്ക് വിസ റദ്ദാക്കി നാടുകടത്തുമ്പോൾ, ആ പൗരന്മാരെ അതതു രാജ്യങ്ങൾ തിരികെ സ്വീകരിക്കണമെന്ന് യുഎസ് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ യുഎസിന്റെ ആവശ്യം ദക്ഷിണ സുഡാൻ അവഗണിച്ചതിനാൽ, നിലവിൽ യുഎസ് വിസ കൈവശമുള്ള എല്ലാവരുടെയും വിസ റദ്ദാക്കുന്നതിലേക്കാണ് അമേരിക്കൻ സർക്കാർ കടന്നത്.
ഇതോടെ ദക്ഷിണ സുഡാനിൽ നിന്നുള്ളവർക്കായി പുതിയ വിസ അപേക്ഷകളും നിരസിക്കപ്പെടുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റൂബിയോ വ്യക്തമാക്കി. അതേസമയം, ദക്ഷിണ സുഡാൻ ഭരണകൂടം വീണ്ടും സഹകരിക്കാൻ തയാറാകുന്ന പക്ഷത്തിൽ, ഈ നടപടി പുനഃപരിശോധിക്കാമെന്നതും റൂബിയോ വ്യക്തമാക്കി.