
കണ്ണൂര്‍: സാംസി കൊടുമണി എഴുതിയ ‘ക്രൈം ഇ3 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ എന്ന നോവലിന്റെ പരിഷ്കരിച്ച പതിപ്പ് കണ്ണൂരിലെ കൈരളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകന് ബ്ലെസ്സിയാണ് പുസ്തക പ്രകാശനം നിര്‍വഹിച്ചത്. അമേരിക്കയിലെ പ്രവാസി മലയാളി എഴുത്തുകാരന് അബ്ദുള്‍ പുന്നയൂര്‍ക്കുളം പുസ്തകമേറ്റു വാങ്ങി.
സിനിമാലോകത്തെയും സാഹിത്യപ്രേമികളെയും ഉള്‍പ്പെടുത്തി നടന്ന പ്രകാശനച്ചടങ്ങ് ശ്രദ്ധേയമായി. പുസ്തകത്തെ പ്രകാശനം ചെയ്തിരിക്കുന്നത് കണ്ണൂരിലെ കൈരളി ബുക്സാണ്.
അമേരിക്കന്‍ ചരിത്രത്തില്‍ അടിമകളായി മാറ്റിയ കറുത്തവരുടെ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി, ചരിത്രത്തിന്റെ മറുവശം തുറന്ന് കാട്ടുന്നതാണ്. ലോകത്തെ വിവിധഭാഗങ്ങളിലെയും അവഗണിക്കപ്പെടുന്നവരുടെ വേദനയും പ്രതിരോധവും അടിയുറച്ച ഭാഷയില്‍ അവതരിപ്പിക്കുന്നു.
മലയാളത്തില്‍ ഇതുവരെ എത്തിയിട്ടില്ലാത്തൊരു സമീപനവും, കഥാപഥവും ഈ കൃതിയിലൂടെ സാംസി അവതരിപ്പിക്കുന്നു. പുതിയൊരു വായനാനുഭവമായി ഈ നോവല്‍ മാറുമെന്നും, വായനക്കാര്‍ക്ക് അത് മനസ്സ് നിറയ്ക്കുന്ന അനുഭവമാകുമെന്നും കൈരളി പ്രസാധകന് അശോകന് അഭിപ്രായപ്പെട്ടു.