ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാര്‍: ജൂലൈ 8ക്ക് മുമ്പ് ഒപ്പുവെപ്പിനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ബന്ധം പുതുമയിലേക്ക് കടക്കാനൊരുങ്ങുകയാണ്. ജൂലൈ 8ന് മുമ്പ് ഇരുരാജ്യങ്ങളും ഇടക്കാല വ്യാപാര കരാറിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷ. നിലവില്‍ യുഎസ് നല്കിയ 90 ദിവസത്തെ താല്‍ക്കാലിക തീരുവമാറ്റ നിബന്ധനയുടെ കാലാവധി ജൂലൈ 8നാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പായി തന്നെ ഒരു കരാര്‍ രൂപപ്പെടുത്തുന്നതിനാണ് ശ്രമം നടക്കുന്നത്.
കരാര്‍ നടപ്പിലാക്കിയാല്‍ അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ 26 ശതമാനം പ്രതികാര തീരുവ ഒഴിവാക്കാനാകുമെന്ന് ഇന്ത്യ പ്രതീക്ഷിക്കുന്നു. ഇതോടെ നിരവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് വിപണിയിലേക്കുള്ള പ്രവേശനം മെച്ചപ്പെടും. കൂടാതെ 10 ശതമാനം വരെ വരുന്ന അടിസ്ഥാന തീരുവയിലും ഇളവ് ലഭിക്കുമെന്നാണ് ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്.
വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് ഈ തീരുമാനത്തിലേക്ക് നീങ്ങാന്‍ ഇരു രാജ്യങ്ങളും തയ്യാറാകുന്നത്. പ്രമുഖ മാധ്യമങ്ങളുമായി സംസാരിച്ച ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ പ്രതീക്ഷിക്കാനാകുന്ന വിധത്തില്‍ പോസിറ്റീവായാണ് മുന്നോട്ടുപോകുന്നതെന്ന് വ്യക്തമാക്കി. കരാര്‍ ഉടന്‍ ഒപ്പുവയ്ക്കാന്‍ നടപടികള്‍ പുരോഗമിക്കുന്നതായും അവര്‍ പറഞ്ഞു.
അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷങ്ങളില്‍ ഇളവ് വന്നതിനു പിന്നാലെ ഇന്ത്യയും സമാനമായ ഒരു സമീപനം സ്വീകരിക്കുന്നതാണ് ശ്രദ്ധേയം. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കാന്‍ ഈ കരാര്‍ വഴിയൊരുക്കുമെന്നതാണ് ആശംസ.




