
ലോസ് ഏഞ്ചല്‍സ്: പറക്കുന്നതിനിടയിൽ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കാതിരിക്കാൻ സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനപൈലറ്റ് വിമാനം അടിയിലേക്ക് താഴ്ത്തിയതോടെ വലിയൊരു അപകടം ഒഴിവായി. സംഭവത്തിൽ രണ്ട് വിമാന ജീവനക്കാർക്ക് പരിക്കേറ്റു.
ഹോളിവുഡ് ബർബാങ്ക് വിമാനത്താവളത്തിൽ നിന്ന് ലാസ് വെഗാസിലേക്ക് പുറപ്പെട്ട ഫ്‌ളൈറ്റ് നമ്പർ 1496 ആണ് അപകടഭീഷണിയിൽപ്പെട്ടത്. ഫ്ലൈറ്റ് ഉയരത്തിൽ പറക്കുന്ന സമയത്താണ് അടുത്ത് മറ്റൊരു വിമാനമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ പൈലറ്റ് വിമാനം 500 അടിയിലേക്ക് താഴ്ത്തിയതോടെ അപകടം ഒഴിവാക്കി.
ഉയരം കുറച്ചതിന്റെ ആഘാതത്തിൽ യാത്രക്കാർ ചിലർ സീറ്റുകളിൽ നിന്ന് ഉയർന്നുവെന്നുമാണ് റിപ്പോർട്ട്. അതിനിടയിലാണ് രണ്ട് ജീവനക്കാർക്ക് ചെറിയ പരിക്കേറ്റത്. യാത്രതുടർന്ന് വിമാനം സുരക്ഷിതമായി ലാസ് വെഗാസിൽ ലാൻഡ് ചെയ്തു.
ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ (എഫ്എഎ) സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. കമ്പനിയും എഫ്എഎയും ചേർന്ന് നല്‍കിയ വിവരമനുസരിച്ച്, മുന്നറിയിപ്പുകൾ ലഭിച്ചതിനെത്തുടർന്നാണ് പൈലറ്റ് നടപടിയെടുത്തത്.
ഇതിന് മുന്നോടിയായി ഒരു സമാന സംഭവം കഴിഞ്ഞദിവസം നോർത്ത് ഡക്കോട്ടയ്ക്കടുത്ത് ഉണ്ടായിട്ടുണ്ട്. യുഎസ് വ്യോമസേനയുടെ ബോംബറുമായി കൂട്ടിയിടിക്കാതിരിക്കാൻ മിനിയാപൊളിസിൽ നിന്നുള്ള ഡെൽറ്റ കണക്ഷൻ വിമാനമായ സ്‌കൈവെസ്റ്റ് എയര്‍ലൈന്‍സ് ജെറ്റ് പാത മാറിയിരുന്നു.
വിമാനയാത്രയ്ക്ക് സുരക്ഷ കൂടുതൽ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വീണ്ടും ഉയരുന്നുവെന്ന് യാത്രക്കാരും വിദഗ്ധരും പറയുന്നു.




