ഫൊക്കാന വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഡോ. ഷൈനി രാജു മത്സരിക്കും

ന്യൂജഴ്‌സി : മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയുടെ (മഞ്ച്) മുൻ പ്രസിഡന്റ് ഡോ. ഷൈനി രാജുവിനെ ഫൊക്കാനയുടെ 2026-2028 ഭരണസമിതിയിലെ വിമൻസ് ഫോറം ചെയർപേഴ്സൺ സ്ഥാനാർഥിയായി മഞ്ച് കമ്മിറ്റി നാമനിർദേശം ചെയ്തു.
ഫൊക്കാനയിൽ വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, റീജനൽ വിമൻസ് ഫോറം കോഓർഡിനേറ്റർ, നാഷണൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ഷൈനി, സംഘടനയുടെ വിവിധ കൺവൻഷനുകളുടെ നടത്തിപ്പിനായുള്ള വിവിധ കമ്മിറ്റികളിലും സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
മലയാളി അസോസിയേഷൻ ഓഫ് ന്യൂജഴ്‌സിയിൽ കഴിഞ്ഞ വർഷം പ്രസിഡന്റായും മുൻപ് ജോയിന്റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അവർ, സമൂഹ പ്രവർത്തനത്തിൽ തന്റെ നേതൃത്വവും സംഘടനാ കഴിവും തെളിയിച്ചിട്ടുണ്ട്.
വിദ്യാഭ്യാസ രംഗത്തും സജീവമായ ഡോ. ഷൈനി രാജു, നിലവിൽ ന്യൂജഴ്‌സിയിലെ എസ്സെക്സ് കൗണ്ടി കോളജിലും കാൾഡ്‌വെൽ യൂണിവേഴ്സിറ്റിയിലും മാത്തമാറ്റിക്സ് അധ്യാപികയായി ജോലി ചെയ്യുന്നു.




