ബന്ദികളുടെ ജഡങ്ങൾ മുഴുവനും ലഭിച്ചില്ല; കരാർ ലംഘനമെന്ന് ഇസ്രയേൽ, യുദ്ധത്തിനു വീണ്ടും സാധ്യത

ഗാസ : ഗാസ സമാധാന കരാറിന് പിന്നാലെ ഹമാസ് എല്ലാ ബന്ദികളെയും തിരികെ നൽകാത്തതായി ഇസ്രയേൽ ആരോപിച്ചു. കരാറിന്റെ വ്യവസ്ഥകൾ പാലിക്കാൻ ഹമാസ് തയ്യാറാകുന്നില്ലെങ്കിൽ യുദ്ധം വീണ്ടും ആരംഭിക്കുമെന്ന് ഇസ്രയേലി പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.
ജീവനോടെ 20 ബന്ദികളെ വിട്ടയച്ച ഹമാസ് ഏഴ് ജഡങ്ങളും കൈമാറിയിരുന്നു. എട്ടാമതായി ലഭിച്ച ജഡം ബന്ദിയുടേതല്ലെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. കൊല്ലപ്പെട്ട മറ്റു ബന്ദികളെ കണ്ടെത്താൻ ഗാസയിലെ അവശിഷ്ടങ്ങൾക്കിടയിൽ വ്യാപകമായ തെരച്ചിൽ ആവശ്യമുണ്ടെന്നും, അതിനുള്ള പ്രത്യേക ഉപകരണങ്ങൾ തങ്ങളുടെ കൈവശമില്ലെന്നും ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
ഇനിയും 21 ബന്ദികളുടെ ജഡങ്ങൾ കണ്ടെത്താനുണ്ടെന്നാണ് ഇസ്രയേലിന്റെ കണക്ക്. ഇവരെ ഇസ്രയേലിലെ മതാചാര പ്രകാരം സംസ്കരിക്കേണ്ടതുണ്ടെന്നും അധികൃതർ അറിയിച്ചു.
ഹമാസിന്റെ സായുധ വിഭാഗമായ അൽ കാസം ബ്രിഗേഡ്‌സ് വ്യക്തമാക്കി: “ജീവിച്ചിരുന്ന എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും കണ്ടെത്തിയ എല്ലാ ജഡങ്ങളും കൈമാറുകയും ചെയ്തിട്ടുണ്ട്. ശേഷിച്ചവരെ കണ്ടെത്താൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമാണ്. ഞങ്ങളാൽ കഴിയുന്നത് എല്ലാം ഞങ്ങൾ ചെയ്യുന്നുണ്ട്.”
എന്നാൽ, ജഡങ്ങൾ പൂർണ്ണമായി കൈമാറാത്തത് കരാറിന്റെ ലംഘനമാണെന്ന നിലപാടിലാണ് ഇസ്രയേൽ. “ഇത് വീണ്ടും യുദ്ധത്തിന് കാരണമാകും. യുഎസിന്റെ പിന്തുണയും ഇതിന് ലഭ്യമാണ്. ഹമാസിന്റെ പരാജയം പൂർണമാക്കേണ്ടതുണ്ട്,” പ്രതിരോധമന്ത്രി കാറ്റ്‌സ് വ്യക്തമാക്കി.
ഗാസയിൽ അടിയന്തരമായി ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിൽ ഇസ്രയേൽ വലതുപക്ഷ മന്ത്രിമാർ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. സഹായം പൂർണമായി തടയണമെന്നും ദേശരക്ഷാ മന്ത്രി ബെൻ ഗവിർ ആവശ്യപ്പെട്ടു.
അതേസമയം, എല്ലാ അതിർത്തികളും ഉടൻ തുറന്ന് മാനുഷിക സഹായം ഗാസയിൽ എത്തിക്കണമെന്ന് യുഎൻ മാനുഷിക സഹായ മേധാവി ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു.




