ചൈനയുടെ ‘സോയാബീൻ ആയുധം’: യുഎസിന്റെ താരിഫ് യുദ്ധം തിരിച്ചടിയായി; കർഷകർ തളർന്നു, വിപണി തകർന്നു

ഹൂസ്റ്റൺ : യുഎസ്–ചൈന വ്യാപാരയുദ്ധം അമേരിക്കൻ സോയാബീൻ കർഷകരെ കനത്ത പ്രഹരം ഏൽപ്പിച്ചു. യുഎസ് ഭരണകൂടം ചൈനീസ് ഉൽപ്പന്നങ്ങൾക്ക് താരിഫ് ഏർപ്പെടുത്തിയതിനെതിരെ ചൈന ശക്തമായ തിരിച്ചടിയാണ് നടത്തിയതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. ട്രംപിന്റെ താരിഫ് നയങ്ങൾക്കെതിരെ സമ്മർദ്ദം ചെലുത്താനുള്ള ചൈനയുടെ തന്ത്രമായി സോയാബീൻ വ്യാപാരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളാണ് കരുതപ്പെടുന്നത്.
യുഎസ് സോയാബീന്റെ ഏറ്റവും വലിയ വിദേശ ഉപഭോക്താവായിരുന്ന ചൈന, യുഎസ് താരിഫിന് മറുപടിയായി വലിയ തീരുവ പ്രഖ്യാപിച്ച് സെപ്റ്റംബർ മാസത്തിൽ യുഎസിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തി. 2018 നവംബറിന് ശേഷം ആദ്യമായാണ് യുഎസിൽ നിന്നുള്ള ഇറക്കുമതി പൂജ്യത്തിൽ എത്തിയത്. ഇതോടെ കർഷകർക്ക് അവരുടെ പ്രധാന വിപണി ഒരൊറ്റ രാത്രികൊണ്ട് നഷ്ടമായി.
ചൈനയുടെ ഈ തീരുമാനത്തോടൊപ്പം യുഎസിലെ സോയാബീൻ വില കുത്തനെ ഇടിഞ്ഞു. വിലയിടിവ് കർഷകരുടെ വരുമാനത്തെ ഗുരുതരമായി ബാധിക്കുകയും, അതേസമയം വളങ്ങൾക്കും കൃഷിയുപകരണങ്ങൾക്കും വില ഉയർന്നതും അവരെ ഇരട്ട പ്രഹാരത്തിന് വിധേയരാക്കുകയും ചെയ്തു. യുഎസിന്റെ മറ്റു താരിഫ് നയങ്ങളാൽ കൃഷിയുമായി ബന്ധപ്പെട്ട ഇറക്കുമതികൾക്കും ചെലവ് വർധിച്ചതാണ് പ്രശ്നം കൂടുതൽ കടുപ്പിച്ചത്.
ചൈന ഇറക്കുമതി നിർത്തിയതോടെ, കഴിഞ്ഞ വർഷം ഇതേ സമയത്ത് 17 ലക്ഷം മെട്രിക് ടൺ ആയിരുന്ന ഇറക്കുമതി ബ്രസീൽ, അർജന്റീന തുടങ്ങിയ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ളതിലേക്ക് മാറി. ഇത് യുഎസ് കർഷകർക്ക് കടുത്ത മത്സരമായി മാറി.
വിദഗ്ധർ പറയുന്നതനുസരിച്ച്, ചൈനയുടെ ഈ നീക്കം യുഎസിലെ കർഷകർക്കിടയിൽ രാഷ്ട്രീയ സമ്മർദ്ദം വർധിപ്പിച്ച് ട്രംപിനെ താരിഫ് നയങ്ങളിൽ ഇളവുകൾ നൽകാൻ പ്രേരിപ്പിക്കാനായിരിക്കും ലക്ഷ്യമിട്ടത്. എന്നാൽ ട്രംപ് ഭരണകൂടം നിലപാട് മാറ്റിയിട്ടില്ല. സോയാബീൻ വാങ്ങൽ പുനരാരംഭിക്കുന്നതുള്‍പ്പെടെ ചില ഇളവുകൾ ചൈന നൽകണമെന്നാണ് യുഎസിന്റെ ആവശ്യം.
കർഷകർ നേരിടുന്ന നഷ്ടപരിഹാരമായി യുഎസ് ഗവൺമെന്റ് സഹായ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, താരിഫ് ഉടൻ പിൻവലിക്കില്ലെന്നതിന്റെ സൂചനയായാണ് ഇത് കാണുന്നത്. വ്യാപാര തർക്കം പരിഹരിക്കാൻ ഇരു രാജ്യങ്ങളും ചർച്ചകൾ തുടരുകയാണ്. താരിഫ് കുറയ്ക്കുന്നതിലും സോയാബീൻ വാങ്ങലിലും ശുഭാപ്തി പ്രതീക്ഷയുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.
എന്നാൽ രാഷ്ട്രീയ നിരീക്ഷകർ പറയുന്നതനുസരിച്ച്, ഇന്ത്യ ഉൾപ്പെടെയുള്ള പല രാജ്യങ്ങളുമായും തീരുവ യുദ്ധം ആരംഭിച്ച ട്രംപിന് ചൈനയോടുള്ള ഏറ്റുമുട്ടലിൽ നാട്ടിലെ കർഷക രോഷം മൂലം കാൽ വഴുതിയ സ്ഥിതിയാണ് ഇപ്പോൾ.




