യുഎസില്‍ വിമാനപ്രതിസന്ധി രൂക്ഷം: എയര്‍ ട്രാഫിക് കണ്‍ട്രോളര്‍ മാരുടെ ക്ഷാമം മൂലം ലോസ് ഏഞ്ചല്‍സിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

വാഷിംഗ്ടണ്‍ : എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരുടെ ഗുരുതരമായ ക്ഷാമം മൂലം ലോസ് ഏഞ്ചല്‍സിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അറിയിച്ചു. ഞായറാഴ്ച രാവിലെയാണ് ലോസ് ഏഞ്ചല്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്ന എല്ലാ വിമാനങ്ങളുടെയും സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചതെന്ന് എഫ്എഎയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായതിനാല്‍ യാത്രക്കാരെ വ്യാപകമായി ബാധിക്കുന്ന പ്രതിസന്ധിയാണിത്.
ഫെഡറല്‍ ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ നീണ്ടുനില്‍ക്കുന്നതിനാല്‍ രാജ്യത്തെ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നത് ഗുരുതരമായ സാഹചര്യത്തിലേക്കാണ് നയിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ വൈകുകയോ റദ്ദാക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് യുഎസ് ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി മുന്നറിയിപ്പ് നല്‍കി.
ജീവനക്കാരുടെ കുറവിനെ തുടര്‍ന്ന് ഞായറാഴ്ച ന്യൂജേഴ്സിയിലെ ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലും ടെറ്റെബോറോ എയര്‍പോര്‍ട്ടിലും, ഫ്‌ളോറിഡയിലെ ഫോര്‍ട്ട് മെയേഴ്സിലുള്ള സൗത്ത് വെസ്റ്റ് ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലുമുള്ള ടേക്ക് ഓഫ്, അറൈവല്‍ സര്‍വീസുകളില്‍ തടസ്സങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി അധികൃതര്‍ അറിയിച്ചു. രാജ്യവ്യാപകമായ ഈ വ്യോമയാന പ്രതിസന്ധി ഷട്ട്ഡൗണ്‍ പ്രതിസന്ധിയുടെ ഗൗരവം കൂടുതല്‍ തെളിയിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.




