ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന് വ്യാപക പിന്തുണ

ന്യൂയോർക്ക് : ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഫിലിപ്പോസ് ഫിലിപ്പിന് വിവിധ സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും വൻ പിന്തുണ ലഭിക്കുന്നു. നേരത്തെ ഹഡ്സൺ വാലി മലയാളി അസോസിയേഷൻ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഏകകണ്ഠമായി അംഗീകരിച്ചിരുന്നു.
മൂന്നു പതിറ്റാണ്ടിലേറെ ഫൊക്കാനയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഫിലിപ്പോസ് ഫിലിപ്പ്, സംഘടനയുടെ വളർച്ചയുടെയും പ്രതിസന്ധികളുടെയും സാക്ഷിയാണ്. 2010ലെ ആൽബനി കൺവെൻഷനിൽ ചെയർമാനായിരുന്ന അദ്ദേഹത്തിന്റെ നേതൃത്വമാണ് ആ കൺവെൻഷനെ വമ്പിച്ച വിജയമാക്കിയത്. ആത്മാർത്ഥമായ പ്രവർത്തനശൈലിയും ദീർഘദർശിത്വവുമാണ് അദ്ദേഹത്തെ നേതൃസ്ഥാനങ്ങളിൽ വേറിട്ടുനിർത്തുന്നത്.
ലോകകേരളസഭയിലെ രണ്ടാമത്തെ കാലാവധിയിലേക്ക് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹത്തിന്റെ സംഘടനാ മികവിനുള്ള അംഗീകാരമായി കാണപ്പെടുന്നു. കേരളത്തിലെ കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും ന്യൂയോർക്ക് പോളിടെക്നിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ടികെഎം കോളേജ് യൂണിയൻ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ഫൊക്കാന ലീഗൽ കോർഡിനേറ്റർ എന്ന നിലയിൽ ഫിലിപ്പോസ് ഫിലിപ്പ് 2018 മുതൽ ഏഴോളം കേസുകളിൽ ഫൊക്കാനയെ വിജയത്തിലേക്ക് നയിച്ചു. ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡൻറ്, കൺവെൻഷൻ ചെയർമാൻ, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ, സുവനീർ എഡിറ്റർ, നാഷണൽ കമ്മിറ്റി അംഗം തുടങ്ങി നിരവധി പ്രധാന പദവികളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
റോക്ക്ലൻഡ് കൗണ്ടിയിലെ റിപ്പബ്ലിക്കൻ പാർട്ടി കമ്മിറ്റി അംഗമായും ക്ളാർക്സ്ടൗൺ ടൗൺ ട്രാഫിക് അഡ്വൈസറി ബോർഡ് അംഗമായും അദ്ദേഹം പ്രവർത്തിക്കുന്നു. ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ പ്രസിഡന്റ്, ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ, ചീഫ് എഡിറ്റർ തുടങ്ങിയ പദവികളിൽ സേവനം ചെയ്തിട്ടുമുണ്ട്.
കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (KEAN) എന്ന സംഘടനയുടെ സ്ഥാപകാംഗമായ ഫിലിപ്പോസ്, അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയും പ്രസിഡന്റും ബോർഡ് ചെയറും പബ്ലിക് റിലേഷൻസ് ഓഫീസറുമായിരുന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിംഗ് കമ്മിറ്റിയിലും (2002–2012) നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന കൗൺസിലിലും (2012–2017) അദ്ദേഹം സജീവമായി പ്രവർത്തിച്ചു.




