ഭവനവായ്പ തിരിച്ചടവ് 50 വർഷത്തേക്കാക്കാൻ ട്രംപിന്റെ നിർദേശം; വിവാദം ഉയർന്ന്

വാഷിംഗ്ടൺ: ഭവനവായ്പയുടെ തിരിച്ചടവ് കാലാവധി 30 വർഷത്തിൽ നിന്ന് 50 വർഷമായി നീട്ടാനുള്ള നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ചു. വായ്പ തിരിച്ചടവ് കൂടുതൽ ലഘുവാക്കുകയും വീടുവാങ്ങുന്നവർക്ക് ആശ്വാസം ലഭിക്കണമെന്നുമാണ് ട്രംപിന്റെ ലക്ഷ്യം.
പാർപ്പിടവില ഉയർന്നതോടെ വായ്പയെടുക്കാൻ ആർക്കും താൽപര്യമില്ലാത്ത സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നത്. അതിനാലാണ് ഈ വിപ്ലവാത്മക നീക്കമെന്ന് ഫെഡറൽ ഫിനാൻസ് ഏജൻസി ഡയറക്ടർ ബിൽ പുൾട്ടെ പറഞ്ഞു.
എന്നാൽ വായ്പ തിരിച്ചടവ് 20 വർഷം കൂടി നീളുമ്പോൾ പലിശ വൻതോതിൽ കൂടുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി. $400,000 വിലയുള്ള വീടിന് 30 വർഷ വായ്പയെടുത്താൽ പ്രതിമാസം $2,293 അടയ്ക്കേണ്ടിവരുമെങ്കിലും, 50 വർഷ പദ്ധതിയിൽ അത് $2,055 ആകുമെന്നാണ് എ പിയുടെ വിശകലനം. എന്നാൽ മൊത്തത്തിൽ $398,000 അധികം അടയ്ക്കേണ്ടി വരും.
യുബിഎസ് ഗ്രൂപ് എ ജി നിരീക്ഷകർ പറയുന്നത് പലിശ ഇരട്ടിയാകുന്ന പരിപാടിയാണിതെന്നും, ഇതിലൂടെ ബാങ്കുകൾക്ക് വൻലാഭമുണ്ടാകുമെന്നും ആണ്. ട്രംപിന്റെ മാഗാ അനുയായികളും ഈ പദ്ധതിയെ വിമർശിച്ചു. “വായ്പ തീരും മുമ്പ് തന്നെ ആളുകൾ മരിക്കും,” എന്നാണ് റിപ്പബ്ലിക്കൻ പ്രതിനിധി മാർജോറി ടെയ്ലർ ഗ്രീന്റെ പരിഹാസം.
ഫോക്സ് ന്യൂസിലെ അവതാരക ലോറ ഇൻഗ്രഹം ട്രംപിന്റെ നയം അദ്ദേഹത്തിന്റെ സ്വന്തം പിന്തുണക്കാരെ പോലും രോഷം കൊള്ളിക്കുമെന്നു അഭിപ്രായപ്പെട്ടു. എന്നാൽ “50 വർഷം വലിയ കാര്യമൊന്നുമല്ല,” എന്നായിരുന്നു ട്രംപിന്റെ മറുപടി.
പദ്ധതി നടപ്പിലാക്കാൻ കോൺഗ്രസ് അംഗീകാരം ആവശ്യമായതിനാൽ തീരുമാനത്തിന് സമയമെടുക്കും.




