ഡെൻവറിൽ അനധികൃത ഭക്ഷണശാലയിലെ ഭക്ഷണത്തിൽ ബ്ലീച്ചിങ് പൊടി: ഹെൽത്ത് ഇൻസ്പെക്ടറുടെ നടപടി വിവാദത്തിൽ

ഡെൻവർ (കൊളറാഡോ) : അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന തെരുവോര ഭക്ഷണശാലയിലെ ഭക്ഷണത്തിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടർ ബ്ലീച്ചിങ് പൗഡർ ഒഴിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സംഭവം വലിയ ചര്‍ച്ചയായി. ഡെൻവർ ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റിലെ ജീവനക്കാരിയെയാണ് വീഡിയോയിൽ കാണുന്നത്. അവരോടൊപ്പം ഒരാൾത്തിരുന്ന പുരുഷ ഇൻസ്പെക്ടറും സ്ഥലത്തുണ്ടായിരുന്നു.
‘ടാക്കോസ് ടകൊളറാഡോ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഈ ഭക്ഷണശാലയെ വൃത്തിഹീനതയും പൊതുജനാരോഗ്യ സുരക്ഷാ ലംഘനങ്ങളും ചൂണ്ടിക്കാട്ടി അഞ്ചുതവണ മുന്നറിയിപ്പുകൾ നൽകിയിരുന്നുവെന്ന് വകുപ്പിന്റെ വക്താവ് ആംബർ കാംപ്ബെൽ അറിയിച്ചു. ആരോഗ്യ വകുപ്പിനെ കണ്ടാൽ ഉടമസ്ഥർ പലപ്പോഴും സ്ഥലം വിട്ട് രക്ഷപ്പെടുന്നതായിരുന്നതും അവർ പറഞ്ഞു. എന്നാൽ, ഈ തവണ ഉടമകളായ ഇസിഡ്രോ ഗാർസിയ ബാരിയന്റോസിനും ഇസ്നെല്ലി ഡൊമിൻഗ്വസ് അഗ്യാറിനും കട അടച്ച് ഒഴിഞ്ഞുമാറാൻ സമയം ലഭിച്ചില്ല.
വിൽപ്പനയ്‌ക്കൊരുക്കിയിരുന്ന ഭക്ഷണം പാക്ക് ചെയ്യുകയോ വീണ്ടും വിൽക്കുകയോ ചെയ്യാനാവില്ലെന്ന് ഉറപ്പാക്കുന്നതിനാലാണ് ബ്ലീച്ചിങ് പൗഡർ ഒഴിച്ചതെന്ന് ആംബർ കാംപ്ബെൽ വിശദീകരിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കാനുളള ആരോഗ്യ വകുപ്പിന്റെ സാധാരണ നടപടികളിൽ ഒന്നാണിതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഭക്ഷണത്തിൽ വിഷപദാർത്ഥം കലർത്തുന്ന നടപടി ലൈസൻസില്ലാതെ വിൽപ്പന നടത്തുന്നതിനെക്കാളും ഗുരുതരമാണെന്ന് നിരവധി സമൂഹമാധ്യമ ഉപയോക്താക്കൾ വിമർശിച്ചു. ആരോഗ്യമേഖല ജീവനക്കാർ അതിരു കടന്നുവെന്ന അഭിപ്രായങ്ങളും ഉയർന്നു. എന്നാൽ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി അനിവാര്യമാണെന്നും, അപകടകരമായ ഭക്ഷണം വിപണിയിൽ എത്തുന്നത് തടഞ്ഞ നടപടിയാണിതെന്നും ചിലർ പിന്തുണ അറിയിച്ചു.




