AmericaCrimeIndiaLatest NewsNewsPolitics

നിരപരാധിയെന്ന് കോടതി വിധിച്ചിട്ടും സുബു വേദത്തെ നാടുകടത്താൻ നീക്കം; മനുഷ്യാവകാശ ലംഘന മെന്നാരോപണം

പെൻസിൽവേനിയ : ചെയ്യാത്ത കുറ്റത്തിന് 43 വർഷം അമേരിക്കൻ ജയിലിൽ കഴിയേണ്ടിവന്ന ഇന്ത്യൻ വംശജനായ സുബ്രഹ്മണ്യം ‘സുബു’ വേദത്തിന്റെ ദുരവസ്ഥ അവസാനിക്കാതെ തുടരുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടിരുന്ന അദ്ദേഹത്തെ പുതിയ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച് മോചിപ്പിച്ചുവെങ്കിലും, ഉടൻ തന്നെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. നിലവിൽ ലൂസിയാനയിലെ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്ന സുബുവിന് ജാമ്യം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ് വിവരം.

1980-ൽ നടന്ന കൊലപാതകക്കേസിൽ പത്തൊൻപതാം വയസ്സിൽ ശിക്ഷിക്കപ്പെട്ട സുബുവിന്റെ കേസ് പിന്നീട് വീണ്ടും പരിശോധിക്കപ്പെട്ടിരുന്നു. ആധുനിക ഫോറൻസിക് പരിശോധനകളിലൂടെ ലഭിച്ച പുതിയ തെളിവുകൾ അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിച്ചതിനെ തുടർന്ന് കോടതി ശിക്ഷ റദ്ദാക്കി. നാല് പതിറ്റാണ്ടുകൾക്കിപ്പുറം ലഭിച്ച ഈ നീതി ഏറെ പ്രതീക്ഷയുണ്ടാക്കിയെങ്കിലും, മോചിതനായ ഉടൻ തന്നെ പഴയ നാടുകടത്തൽ ഉത്തരവ് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ വിഭാഗം വീണ്ടും തടവിലാക്കുകയായിരുന്നു.

ഒൻപതാം മാസം മുതൽ അമേരിക്കയിൽ വളർന്ന സുബുവിന് ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലെന്ന് കുടുംബാംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യൻ ഭാഷകൾ സംസാരിക്കാൻ പോലും കഴിയാത്ത അദ്ദേഹത്തെ പരിചയമില്ലാത്ത രാജ്യത്തേക്ക് നാടുകടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് അഭിഭാഷകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും ആരോപണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘടനകളും വ്യക്തികളും ഈ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ്.

Show More

Related Articles

Back to top button