CrimeKeralaLatest NewsNews

വ്യാജ ലോൺ ആപ്പിന്റെ വല: മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കു മെന്ന് ഭീഷണി; യുവതി സൈബർ പൊലീസിൽ പരാതി.

പറവൂർ : ഓൺലൈൻ വായ്പ എടുത്തെന്ന പേരിൽ പണം ആവശ്യപ്പെട്ടും തിരിച്ചടച്ചില്ലെങ്കിൽ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ചിറ്റാറ്റുകര സ്വദേശിനിയായ യുവതി ആലുവ സൈബർ സെല്ലിൽ പരാതി നൽകി. വ്യാജ ലോൺ ആപ്പുകളുടെ വലയിലാക്കി സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്ന സംഘത്തിന്റെ പ്രവർത്തനമായിരിക്കാമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാവിലെ 7.30ഓടെയാണ് യുവതിയുടെ വാട്സാപ്പിലേക്ക് അജ്ഞാത നമ്പറിൽ നിന്ന് 2,199 രൂപ വായ്പയുടെ തിരിച്ചടവ് ഉടൻ നൽകണമെന്ന സന്ദേശം ലഭിച്ചത്. എന്നാൽ താൻ യാതൊരു വായ്പയും എടുത്തിട്ടില്ലെന്ന് യുവതി മറുപടി നൽകി. ഇതിനെത്തുടർന്ന് മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ തയ്യാറാക്കി സമൂഹമാധ്യമങ്ങളിലൂടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു പ്രചരിപ്പിക്കുമെന്ന ഭീഷണിയാണ് അജ്ഞാതർ ഉയർത്തിയത്.

യുവതിയുടെ പരിചയക്കാരായ രണ്ടുപേരുടെ ഫോൺ നമ്പറുകളും അവർ സന്ദേശമായി അയച്ചിരുന്നു. പിന്നീട് മറ്റൊരു അജ്ഞാത നമ്പറിൽ നിന്ന് ഇംഗ്ലീഷിൽ സംസാരിച്ചുകൊണ്ടുള്ള ഫോൺകോളും ലഭിച്ചതായി യുവതി പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ആലുവ സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വ്യാജ ലോൺ ആപ്പുകൾ ഉപയോഗിച്ച് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിച്ച് ഭീഷണിപ്പെടുത്തുന്ന സംഘങ്ങളുടെ പ്രവർത്തനമാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്.

Show More

Related Articles

Back to top button