കൊച്ചി മെട്രോ കാക്കനാട് ലൈൻ: 11–ാം തൂൺ ഇനിയും അനിശ്ചിത ത്വത്തിൽ, നിർമാണത്തിന് തടസ്സമായി ഭൂമി തർക്കം.

കൊച്ചി : കാക്കനാട് ഇൻഫോപാർക്കിലേക്ക് നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണം വേഗത്തിൽ പുരോഗമിക്കുമ്പോഴും ഒരു തൂണിന്റെ നിർമാണം വൈകുന്നതാണ് പദ്ധതിക്ക് ചെറിയ തടസ്സമായി മാറിയത്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് ആരംഭിക്കുന്ന ഈ പാതയിലെ 11–ാം നമ്പർ തൂൺ ഇതുവരെ നിർമിക്കാനായിട്ടില്ലെന്നാണ് വിവരം.
പൈലിങ് നടത്തേണ്ട സ്ഥലത്ത് യൂട്ടിലിറ്റി ഷിഫ്റ്റിങ് പോലും നടത്താനാകാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതിനിടെ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള എല്ലാ സ്റ്റേഷനുകളുടെയും നിർമാണം ആരംഭിച്ചിരിക്കുകയാണ്. സിവിൽ ജോലികൾ ഡിസംബറോടെ പൂർത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം പുരോഗമിക്കുമ്പോൾ വയഡക്ടിന് മുകളിൽ പാളം സ്ഥാപിക്കുന്നതിനുള്ള കരാറും ഉടൻ അന്തിമമാക്കാനാണ് പദ്ധതിയിടുന്നത്.
ഇതുവരെ 1 മുതൽ 9 വരെ തൂണുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്. 10–ാംതെയും 12–ാംതെയും തൂണുകളുടെ നിർമാണം ഉടൻ ആരംഭിക്കാനാണ് ഒരുക്കങ്ങൾ. ഇവിടങ്ങളിൽ പൈപ്പുകളും കേബിളുകളും മാറ്റി യൂട്ടിലിറ്റി ഡക്ടുകൾ നിർമ്മിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ 10–ാം തൂണിൽ പൈലിങ് ആരംഭിക്കുമെന്നാണ് സൂചന. എന്നാൽ 11–ാം തൂണിന്റെ നിർമാണം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
പാലാരിവട്ടം മുതൽ സ്റ്റേഡിയം വരെയുള്ള ഭാഗം വൻ വാഹനത്തിരക്കുള്ള മേഖലയാണ്. അതിനാൽ മെട്രോ നിർമാണം വേഗത്തിൽ പൂർത്തിയാകണമെന്നതാണ് പൊതുജനങ്ങളുടെ ആഗ്രഹം. ഈ ഭാഗത്ത് ആകെ 40 തൂണുകളാണ് നിർമിക്കേണ്ടത്. സൗത്ത് ജനതാ റോഡിനോട് ചേർന്ന പ്രദേശത്താണ് ഇപ്പോഴും ആരംഭിക്കാത്ത 11–ാം തൂണിന്റെ സ്ഥാനം.
സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമിയുടമ നൽകിയ കേസ് ഇതുവരെ തീർപ്പാകാത്തതാണു നിർമാണം വൈകാനുള്ള പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. 11–ാം തൂൺ ഒഴിവാക്കി മറ്റ് തൂണുകളുടെ നിർമാണം മുന്നോട്ട് കൊണ്ടുപോകുന്നതും പ്രായോഗികമല്ലെന്നാണ് അധികൃതരുടെ നിലപാട്. വാട്ടർ അതോറിറ്റിയുടെ പൈപ്പുകളും മറ്റ് കേബിളുകളും ഒരൊറ്റ തൂണിനായി മാത്രം മാറ്റിവെക്കാനാവാത്തതിനാൽ യൂട്ടിലിറ്റി ഷിഫ്റ്റിങ് ഒരുമിച്ചാണ് നടത്തേണ്ടത്. അതുപോലെ പൈലിങ് റിഗും ബാരിക്കേഡുകളും ഒരു തൂണിനായി മാത്രം ഒരുക്കുന്നത് സാങ്കേതികമായി ബുദ്ധിമുട്ടാണ്.
ഇതിനാൽ 11–ാം നമ്പർ തൂണിന്റെ നിർമാണം വൈകുന്നത് കാക്കനാട് മെട്രോ പാതയുടെ ആകെ പ്രവൃത്തികൾക്കും ചെറിയ പ്രതിസന്ധിയായി തുടരുകയാണ്.




