AmericaKeralaLatest NewsNewsPolitics

ഹോർമുസ് കടലിടുക്ക് കടന്ന് യുഎസ് യുദ്ധക്കപ്പലുകൾ; ഇറാൻ–അമേരിക്ക സംഘർഷം വീണ്ടും കടുപ്പത്തിൽ.

വാഷിംഗ്ടൺ : ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ സമുദ്രപാതകളി ലൊന്നായ ഹോർമുസ് കടലിടുക്കിൽ ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളും സായുധ ബോട്ടുകളുടെയും തടസ്സശ്രമങ്ങളും മറികടന്ന് യുഎസ് നാവികസേനയുടെ രണ്ട് ഡിസ്ട്രോയർ കപ്പലുകൾ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചു. യുഎസ്എസ് ട്രക്സ്റ്റൺ, യുഎസ്എസ് മേസൺ എന്നീ കപ്പലുകളാണ് ശക്തമായ പ്രതിരോധത്തിനിടയിലും ലക്ഷ്യസ്ഥാനത്തെത്തിയത്.

തുടർച്ചയായ ആക്രമണ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അപ്പാച്ചെ ഹെലികോപ്റ്ററുകളും അത്യാധുനിക യുദ്ധവിമാനങ്ങളും കപ്പലുകൾക്ക് സുരക്ഷയായി വിന്യസിച്ചിരുന്നു. കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നിരവധി ഡ്രോണുകളും മിസൈലുകളും പ്രയോഗിക്കുകയും ചെറിയ സായുധ ബോട്ടുകൾ ഉപയോഗിച്ച് തടയാൻ ശ്രമിക്കുകയും ചെയ്തതായി അമേരിക്കൻ പ്രതിരോധവകുപ്പ് അറിയിച്ചു. എന്നാൽ അമേരിക്കൻ സൈന്യത്തിന്റെ ശക്തമായ തിരിച്ചടിയിൽ ഇറാന്റെ ആറു ബോട്ടുകൾ തകർക്കപ്പെട്ടതായും കപ്പലുകൾക്ക് നേരെ വന്ന ആക്രമണങ്ങൾ ഒന്നും ലക്ഷ്യത്തിൽ പതിച്ചിട്ടില്ലെന്നും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി.

മേഖലയിലെ കപ്പൽ ഗതാഗതം സാധാരണ നിലയിലാക്കാൻ അമേരിക്ക ആരംഭിച്ച ‘പ്രോജക്ട് ഫ്രീഡം’ ദൗത്യത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഫെബ്രുവരിയിൽ ആരംഭിച്ച സൈനിക നീക്കങ്ങൾക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിൽ നിയന്ത്രണം സ്ഥാപിക്കാൻ ഇറാൻ ശ്രമിച്ചതോടെ നൂറുകണക്കിന് എണ്ണക്കപ്പലുകൾ കടലിൽ കുടുങ്ങിയിരുന്നു. ഇതോടെ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയും ചെയ്തു. കപ്പലുകൾക്ക് സുരക്ഷിതമായ പാത ഉറപ്പാക്കുമെന്ന് അമേരിക്കൻ പ്രസിഡൻറ് പ്രഖ്യാപിച്ചതിനു പിന്നാലെ രണ്ട് അമേരിക്കൻ വാണിജ്യ കപ്പലുകളും ഡിസ്ട്രോയറുകളുടെ സുരക്ഷയിൽ കടലിടുക്ക് വിജയകരമായി കടന്നതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, അമേരിക്കൻ കപ്പലുകൾ പ്രദേശത്ത് പ്രവേശിച്ചാൽ ശക്തമായി പ്രതികരിക്കുമെന്ന് ഇറാൻ മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. പുതിയ സംഭവവികാസങ്ങളോടെ ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ നാല് ആഴ്ചയായി നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ അനിശ്ചിതത്വത്തിലായി. അമേരിക്കയുടെ വാദങ്ങൾ ഇറാൻ തള്ളി, തങ്ങളുടെ ബോട്ടുകൾ തകർക്കപ്പെട്ടിട്ടില്ലെന്നു അറിയിച്ചു. ഇറാനെതിരെ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം തുടരുന്നതിനിടെ മേഖലയിലെ സംഘർഷാവസ്ഥ വീണ്ടും യുദ്ധഭീതിയിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button