ഫൊക്കാന കൺവെൻഷനിൽ മലയാള സാഹിത്യത്തിന്റെ മഹാസംഗമം; കലഹാരി റിസോർട്ടിൽ വിപുലമായ സാഹിത്യസമ്മേളനം.

ന്യൂയോർക്ക്: 2026 ആഗസ്റ്റ് 6 ന് പെൻസിൽവാനിയയിലെ കലഹാരി റിസോർട്ടിൽ നടക്കുന്ന ഫൊക്കാന കൺവെൻഷനിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും പ്രത്യേക പ്രാധാന്യം നൽകി വിപുലമായ സാഹിത്യസമ്മേളനം സംഘടിപ്പിക്കുന്നു. നോർത്ത് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക അഭിമാനമായി മാറുന്ന ഈ സമ്മേളനം സാഹിത്യരംഗത്തെ പ്രമുഖരെയും എഴുത്തുകാരെയും ഒരുമിപ്പിക്കുന്ന വലിയ വേദിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
കുമരകത്ത് നടന്ന കേരള കൺവെൻഷനിലെ സാഹിത്യസമ്മേളനങ്ങൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. പ്രമുഖ എഴുത്തുകാരെ ആദരിക്കുകയും പുരസ്‌കാരങ്ങൾ നൽകി അനുമോദിക്കുകയും ചെയ്ത പരിപാടികൾ ശ്രദ്ധേയമായിരുന്നു. സാഹിത്യരംഗത്ത് സജീവമായ എഴുത്തുകാരുടെ സാന്നിധ്യം സമ്മേളനങ്ങൾക്ക് കൂടുതൽ ഭംഗി പകർന്നിരുന്നു. മലയാളികളുടെ ഏറ്റവും പഴക്കമേറിയതും സമഗ്രവുമായ സാമൂഹിക സംഘടനകളിലൊന്നായി ഫൊക്കാനയെ ഉയർത്തിക്കാട്ടുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ നിർണായക പങ്കുവഹിക്കുന്നതായും വിലയിരുത്തപ്പെടുന്നു.
ഇത്തവണ കലഹാരി റിസോർട്ടിൽ നടക്കുന്ന സാഹിത്യസമ്മേളനവും ചരിത്രപ്രാധാന്യമാർന്നതായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. നോർത്ത് അമേരിക്കയിൽ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും സ്ഥിരതയാർന്ന ഇടം സൃഷ്ടിക്കുന്നതിൽ ഫൊക്കാന നിർണായക പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളം എഴുത്തുകാരെ ഒരുമിപ്പിക്കുന്ന വലിയ സാഹിത്യവേദിയായിരിക്കും സമ്മേളനം.
കേരളത്തിൽ നിന്നുള്ള പ്രമുഖ സാഹിത്യകാരന്മാരും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എഴുത്തുകാരും പരിപാടിയിൽ പങ്കെടുക്കും. അടൂർ ഗോപാലകൃഷ്ണൻ, കെ.വി. മോഹൻകുമാർ, ജോസ് പനച്ചിപ്പുറം, പി.പി. ജെയിംസ്, ബെന്നി പി. നായരമ്പലം, ഡോ. പ്രമീളാദേവി, ടി.ഡി. രാമകൃഷ്ണൻ തുടങ്ങിയ സാഹിത്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കയിലെ മലയാളം എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നോവൽ, ചെറുകഥ, കവിത, ഹാസ്യം, യാത്രാവിവരണം, ലേഖനം എന്നീ വിഭാഗങ്ങളിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുറത്തിറങ്ങിയ കൃതികൾ വിലയിരുത്തി പുരസ്‌കാരങ്ങൾ നൽകും. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ, നോർത്ത് അമേരിക്കൻ മലയാള എഴുത്തുകാരുടെ സമഗ്ര സാഹിത്യ സംഭാവനകൾ പരിഗണിച്ചും പ്രത്യേക അംഗീകാരങ്ങൾ നൽകും.
സമ്മേളനത്തോടനുബന്ധിച്ച് മലയാള പുസ്തകങ്ങളുടെ വിപുലമായ പ്രദർശനവും സംഘടിപ്പിക്കുന്നുണ്ട്. പുസ്തക ചർച്ചകൾ, പുസ്തക പ്രകാശനങ്ങൾ, സാഹിത്യത്തിലെ പുതിയ പ്രവണതകളെക്കുറിച്ചുള്ള സംവാദങ്ങൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും.
സാഹിത്യസമ്മേളനത്തിന്റെ ക്രമീകരണങ്ങൾക്കായി കോരസൺ വർഗീസ് ചെയർമാനായും കെ.കെ. ജോൺസൻ, മുരളി ജെ. നായർ എന്നിവർ കോ-ചെയർമാൻമാരായും ഗീത ജോർജ് കോർഡിനേറ്ററായും പ്രവർത്തിക്കും. ബെന്നി നെച്ചൂർ, അബ്ദുൾ പുന്നയൂർക്കുളം, വേണുഗോപാലൻ കൊക്കോടൻ, അഭിലാഷ് തുണ്ടുമണ്ണിൽ എന്നിവരും സംഘാടക സമിതിയിൽ അംഗങ്ങളാണ്. പ്രസിഡന്റ് സജിമോൻ ആൻറണി, സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയി ചാക്കപ്പൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു.




