പ്രവാസി കോൺക്ലേവിൽ മലയാളി ലെജൻഡ് പുരസ്കാരങ്ങൾ സമ്മാനിച്ചു.
കൊച്ചി: ശരീരം കൊണ്ട് പുറത്താണെങ്കിലും മനസ്സുകൊണ്ട് തന്നെ ജന്മദേശത്താണ് പ്രവാസികൾ ഉള്ളതെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. ക്ലാസിക്കിംപീരിയൽ ക്രൂയിസിൽ നടത്തിയ പ്രവാസി കോൺക്ലേവിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കൂട്ടിക്കുഴലും കൂട്ടി കുറുക്കലും ഉണ്ടാകുമ്പോഴാണ് കൂട്ടായ്മയിൽ പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കൂട്ടിച്ചേർക്കുന്ന കൂട്ടായ്മകളാണ് നമുക്ക് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രവാസികൾക്ക് വോട്ട് ചെയ്യാനുള്ള അധികാരം ലഭിച്ചിട്ടില്ലെങ്കിലും സമൂഹത്തിൽ വോട്ട് ഉണ്ടാക്കാൻ പ്രവാസികൾക്ക് സ്വാധീനം ചെലുത്താൻ കഴിയും. വിദേശത്തുള്ളവർക്ക് വോട്ട് ലഭ്യമാക്കണമെങ്കിൽ അതിന് രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
കറ തീർന്ന രാഷ്ട്രീയ പ്രസ്ഥാനം എന്നൊന്ന് നിലവിലില്ലെന്നും കറകുറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനം എന്ന് പറയാൻ കഴിയുള്ളൂ എന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. രാജ്യത്തെ നാല് നെടുംതൂണുകളുടെയും വിശ്വാസ്യതയിൽ കുറവുണ്ടായിരുന്നു സത്യവും നീതിയിൽ തീരെ കുറഞ്ഞ് എന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചാമത്തെ തൂണെന്നു വിശേഷിപ്പിക്കാവുന്ന സിവിൽ സൊസൈറ്റി നീക്കങ്ങളിലാണ് തനിക്ക് പ്രതീക്ഷയുള്ളതെങ്കിലും അതുപോലും ഇപ്പോൾ ദയനീയാവസ്ഥയിൽ ആണെന്ന് അദ്ദേഹം പറഞ്ഞു. ആളുകൾ ഒരു നന്മ ചെയ്യുമ്പോൾ ആര് ചെയ്തു എന്നല്ല എന്താണ് ചെയ്തത് എന്നതിലാണ് പ്രാധാന്യം. നമ്മെ നാം ആക്കിയ നാടിനെ തിരിച്ചു കൊടുക്കാനാവുന്ന നന്മകൾ നിർവഹിക്കണം എന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറഞ്ഞു. മിസ്റ്റർ പോൾ കറുകപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎൽഎമാരായ ഡിജെ വിനോദ്, അഡ്വക്കേറ്റ് മോൻസ് ജോസഫ്, റോജി എം ജോൺ, വേണു രാജാമണി, കെ ഫ്രാൻസിസ് ജോർജ്, ഗോപിനാഥ് മുതുകാട്, അലക്സ് വിളനിലം കോശി, എന്നിവർ പ്രസംഗിച്ചു. ഡോക്ടർ ടെസി തോമസ്, ഡോക്ടർ ഇന്ദിരാ രാജൻ, ആർ ശ്രീകണ്ഠൻ നായർ, ആൻറണി പ്രിൻസ്, ഡോക്ടർ സണ്ണി ലുക്ക്, വയലാർ രവി, എന്നിവരെ ലെജണ്ടറി പുരസ്കാരം നൽകി ആദരിച്ചു.