ഫൊക്കാന കൺവൻഷൻ ഇന്ന് തുടങ്ങും: മലയാളികളുടെ മൂന്നു ദിനങ്ങളുടെ ആഘോഷം.

ഫൊക്കാനയുടെ 21-ാമത് കൺവൻഷന് ഇന്ന് തുടക്കം: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ഇരുപത്തിയൊന്നാമത് അന്തർദേശീയ കൺവൻഷന് ഇന്ന് തുടക്കമാവുന്നു. ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസി നോർത്ത് ബെഥെസിലുള്ള മോണ്ട് ഗോമറി കൗണ്ടി മാരിയറ്റ് ഹോട്ടൽ കോൺഫറൻസ് സെൻററിലാണ് ലോകമലയാളികളുടെ സംഗമമായ ഫൊക്കാന കൺവൻഷന് വേദിയാകുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഫൊക്കാനാ കൺവൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.




ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് വർണ്ണപ്പകിട്ടാർന്ന ഘോഷയാത്രയോടെ കൺവൻഷന് ഔദ്യോഗിക തുടക്കമാകും. കോൺഗ്രസ്മാൻ രാജ കൃഷ്ണമൂർത്തി, എം പി മാരായ ഫ്രാൻസിസ് ജോർജ്, എം. മുകേഷ് എം എൽ എ, മുൻ ഇന്ത്യൻ അംബാസിഡർ ടി പി ശ്രീനിവാസൻ എന്നിവർ ഉൽഘാടന സമ്മേളനത്തിൽ അതിഥികളായി പങ്കെടുക്കും.
ഫൊക്കാന സൂവനീർ ചടങ്ങിൽ റിലീസ് ചെയ്യും. തുടർന്ന് വാഷിംഗ്ടൺ റീജിയൻ അവതരിപ്പിക്കുന്ന കലാപരിപാടികളും ഡി ജെ നൈറ്റും നടക്കും. ഉൽഘാടന ചടങ്ങിൽ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ഡോ. കല ഷാഹി സ്വാഗതം ആശംസിക്കും.