AmericaNews

ഏബ്രഹാം ജേക്കബ് (തമ്പി) 75 (ഫിലാഡല്‍ഫിയയിൽ അന്തരിച്ചു

ഫിലാഡൽഫിയയിൽ അരനൂറ്റാണ്ടായി സ്ഥിരതാമസമായിരുന്ന കോട്ടയം പാമ്പാടി ഏബ്രഹാം ജേക്കബ് അന്തരിച്ചു

ഫിലാഡൽഫിയ: അരനൂറ്റാണ്ടായി ഫിലാഡൽഫിയയിൽ സ്ഥിരതാമസമായിരുന്ന കോട്ടയം പാമ്പാടി എട്ടാം മൈൽ സ്രാകത്ത് (വെള്ളക്കോട്ട്) കുടുംബാംഗം ഏബ്രഹാം ജേക്കബ് (ഫിലാഡൽഫിയ തമ്പി, 75) ഇന്ന് അന്തരിച്ചു. ഏതാനും നാളുകളായി രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം ഫിലാഡൽഫിയയിൽ പിന്നീട് നടക്കും.

കുഞ്ഞൂഞ്ഞമ്മ ജേക്കബ് ഭാര്യയും, പ്രഭ രെജു, ഡോ. പ്രിയ മധു എന്നിവർ പുത്രിമാരുമാണ്.

രെജു (വാഷിംഗ്ടൺ), മധു (ലോംഗ്‌ഐലന്റ്) എന്നിവർ മരുമക്കളുമാണ്.

ഫിലാഡൽഫിയയിലെ സെന്റ് പീറ്റേഴ്‌സ് സിറിയൻ ഓർത്തഡോക്സ് കത്തീഡ്രലിന്റെ സ്ഥാപകാംഗവും, സജീവ പ്രവർത്തകനുമായ അദ്ദേഹം സമൂഹത്തിലെ വിവിധ തലങ്ങളിലുള്ള എല്ലാവരോടും ബഹുമാനത്തോടും സ്‌നേഹത്തോടും സഹകരണത്തോടും കൂടി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു. സഭാ വ്യത്യാസമോ ജാതി സ്ഫർദ്ധയോ കൂടാതെ എല്ലാവരെയും ഹാർദ്ദവമായി സ്വീകരിക്കുകയും, സാധുജന സംരക്ഷണ പ്രവർത്തനങ്ങൾക്കും നിർലോഭമായി സഹായം എത്തിക്കുകയും ചെയ്തിരുന്നു.

യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ മുൻ മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മോർ പീലക്‌സിനോസ്, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മോറാൻ മോർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, മാർത്തോമാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്ത ഡോ. യുയാക്കീം മോർ കൂറിലോസ് എന്നിവരുമായി വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്ന പരേതൻ, വിവിധ സഭകളുടെ അനേകം ചാരിറ്റി, ഓർഫനേജ്, വയോജന കേന്ദ്രങ്ങൾ തുടങ്ങിയവയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.

കോട്ടയം ബസേലിയോസ് കോളജിലെ മുൻ വിദ്യാർത്ഥിയായിരുന്ന ഏബ്രഹാം ജേക്കബ് കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്നിവയിലും സജീവമായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആദ്യകാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ പങ്കെടുത്ത് നേതൃത്വം വഹിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുമായും അദ്ദേഹത്തിന് വളരെ അടുപ്പമുണ്ടായിരുന്നു.

സംസ്‌കാര ശുശ്രൂഷകൾ ഫിലാഡൽഫിയ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ വച്ച് പിന്നീട് നടക്കും. കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കും.

Show More

Related Articles

Back to top button