കരയില്‍ നിന്ന് 50 മീറ്റര്‍ ദൂരെ അര്‍ജുന്റെ ലോറിയുടെ കാബിന്
അര്‍ജുന്റെ ലോറിയുടെ കാബിന് വിട്ടുപോകാന്‍ സാധ്യതയില്ലെന്ന് റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍. വാഹന കമ്പനിയുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം. വെള്ളത്തില്‍ നാലിടത്ത് ലോഹഭാഗങ്ങള്‍ കണ്ടെത്തി. റോഡിന്റെ സുരക്ഷാ ബാരിയര്‍, ടവര്‍, ലോറിയുടെ ഭാഗങ്ങള്‍, കാബിന് എന്നിവയാണ് കണ്ടെത്തിയത്. കാബിന് ടാങ്കറിന്റേതാണ്. ട്രക്ക് മൂന്നാമത്തെ സ്പോട്ടിലുണ്ടാകാന് സാധ്യത. കരയില്‍ നിന്ന് 50 മീറ്റര്‍ ദൂരെ, ചുരുങ്ങിയത് 5 മീറ്റര്‍ താഴെയാണ് അര്‍ജുന്റെ ലോറിയുള്ളത്. അടിയൊഴുക്ക് ശക്തം, മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങുന്നത് ദുഷ്കരമെന്നും റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ നമ്പ്യാര്‍.
മണ്ണിടിച്ചിലുണ്ടായപ്പോള്‍ ആദ്യം വീണത് ടവര്‍ ആകാം. അര്‍ജുന്റെ ലോറി ഉടന്‍ മുങ്ങിപ്പോകാന്‍ സാധ്യതയില്ല. ലോറിയിലെ തടികള്‍ ഒഴുകിപ്പോയശേഷമാകാം ലോറി മുങ്ങിയത്. മുങ്ങല്‍ വിദഗ്ധരെ നിയോഗിക്കണമെങ്കില്‍ ഈ സ്ഥലം കൃത്യമായി അറിയണമെന്നും ഇന്ദ്രബാലന്‍ നമ്പ്യാര്‍. രാത്രി തണുപ്പാകുമ്പോള്‍ സിഗ്നലുകള്‍ കുറച്ചുകൂടി വ്യക്തമാകും. മുങ്ങല്‍ വിദഗ്ധരെ ഇറക്കുന്നത് ഏറെ ദുഷ്കരമാണ്, നേവിക്ക് ഇത് സാധിക്കും. അര്ജുന് വാഹനത്തിന് പുറത്തിറങ്ങിയിരുന്നോ എന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഗംഗാവലിപ്പുഴയില്‍ ഒടുവിലത്തെ ഡ്രോണ്‍ പരിശോധനയിലും മനുഷ്യസാന്നിധ്യം കണ്ടെത്താനായില്ല. അര്‍ജുനായി രാത്രിയില്‍ വീണ്ടും പരിശോധന നടത്തുമെന്ന് സൂചന. ഗംഗാവലിപ്പുഴയില്‍ അര്‍ജുനായുള്ള തിരച്ചില്‍ നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ബോട്ടുകള്‍ കരയിലേക്ക് കയറ്റി. നാവികസേനാ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാനാകാത്ത അവസ്ഥയാണ്. മഴ അകന്നെങ്കിലും ഗംഗാവലിപ്പുഴയില്‍ അതിശക്തമായ അടിയൊഴുക്കാണുള്ളത്.
ഗംഗാവലിപ്പുഴയിലേത് അര്‍ജുന്റെ ലോറിയെന്ന് സ്ഥിരീകരിച്ച് ദൗത്യസംഘം. മുങ്ങല്‍ വിദഗ്ധര്‍ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിന് പരിശോധിക്കാനായില്ല. ശക്തമായ അടിയൊഴുക്കും കലങ്ങിമറിഞ്ഞ വെള്ളവുമാണ് വെല്ലുവിളി. ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയിലും പുഴയില്‍ ലോഹസാന്നിധ്യം സ്ഥിരീകരിച്ചു. അര്ജുന് ഓടിച്ച ലോറിയിലെ നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ഉടമ മനാഫ്. 12 കിലോമീറ്റര്‍ അകലെ നിന്നാണ് തടി കണ്ടെത്തിയതെന്നും ലോറി ഉടമ പറഞ്ഞു.