വടക്കൻ കേരളത്തിൽ അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട്
തിരുവനന്തപുരം: അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ വടക്കൻ കേരളത്തിൽ അതീവ ജാഗ്രത നിർദേശിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
നിലവിലെ ഉപഗ്രഹ / റഡാർ സൂചന പ്രകാരം അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ, പ്രത്യേകിച്ച് മധ്യ കേരളം മുതൽ വടക്കൻ കേരളം വരെ അതിശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
അതേസമയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ്.
പ്രളയ ഭീഷണിയെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും, അത്യാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.