
അഷ്നയുടെ സംഗീത ആൽബം ‘പത്തിരി’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: പ്രൊഫഷണല്‍ ഗായകരോട് കിടപിടിക്കുന്ന ആലാപന ഭംഗിയില്‍ സംഗീത വിസ്മയം തീര്‍ത്ത് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍. പ്രശസ്തഗായിക അഷ്‌ന ഷെറിനൊപ്പം മത്സരിച്ചു പാടിയാണ് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ കാണികളെ ഹരം കൊള്ളിച്ചത്. അഷ്‌നയുടെ നേതൃത്വത്തില്‍ ഡിഫറന്റ് ആര്‍ട് സെന്ററില്‍ അരങ്ങേറിയ ഹാര്‍മണി ഓഫ് ഹാര്‍ട്‌സ് സംഗീത പരിപാടിയില്‍ അഷ്‌നയ്‌ക്കൊപ്പം ഭിന്നശേഷിക്കുട്ടികളും അദ്ധ്യാപകരും ഭിന്നശേഷിക്കുട്ടികളുടെ മാതാപിതാക്കളും ഗാനങ്ങള്‍ ആലപിച്ചു.


ടി.വി.എം ടാലന്റ് ടീമാണ് ഓര്‍ക്കസ്‌ട്രേഷന് നേതൃത്വം നല്‍കിയത്. വയനാടില്‍ മരണടഞ്ഞവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് സംഗീത പരിപാടി ആരംഭിച്ചത്. പരിപാടിയോടനുബന്ധിച്ച് അഷ്നയുടെ സംഗീത ആൽബമായ ‘പത്തിരി’യുടെ പ്രകാശനം ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് മാജിക്കിലൂടെ നിർവഹിച്ചു. അരിപ്പത്തിരി ചട്ടിയിൽ വെച്ച് അടച്ച് തുറന്നപ്പോൾ സംഗീത ആൽബത്തിന്റെ സി.ഡിയാക്കി മാറ്റിയാണ് ആൽബത്തിന്റെ പ്രകാശം നിർവഹിച്ചത്.
ആൽബത്തിന്റെ ആദ്യപതിപ്പ് മാധ്യമപ്രവർത്തകൻ രവി മേനോന് മുതുകാട് കൈമാറി. അഷ്‌ന ഷെറിൻ, ഓർക്കസ്ട്ര ടീം അംഗങ്ങളായ ജോസ് തോമസ്, മുരുകൻ, റെമി വർഗീസ്, അമൽ ജോസ്, എമിൽ ജോസ്, മാനവ് എന്നിവരെ മുതുകാട് ആദരിച്ചു. മാനേജര്‍ സുനില്‍രാജ് സി.കെ, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.