വധശ്രമത്തിന് ശേഷം ട്രംപ് ആദ്യത്തെ ഔട്ട്ഡോർ റാലിയിൽ, കമല ഹാരിസിനെതിരെ ശക്തമായ വിമർശനം.
ആഷെബോറോ: വധശ്രമത്തിന് ശേഷം ട്രംപ് തൻ്റെ ആദ്യ ഔട്ട്ഡോർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു. നോർത്ത് കരോലിനയിൽ നടന്ന റാലിയിൽ ബുള്ളറ്റ് പ്രൂഫ് ഗ്ലാസിന് പിന്നിൽ നിന്നാണ് ട്രംപ് പ്രസംഗിച്ചത്. കമല ഹാരിസിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച ട്രംപ്, ഹാരിസിനെ തീവ്ര ഇടതുപക്ഷ രാഷ്ട്രീയക്കാരിയെന്നു വിശേഷിപ്പിച്ചു.
“കമല ഹാരിസ് വൈറ്റ് ഹൗസിലേക്ക് മത്സരിക്കുന്ന ഏറ്റവും തീവ്ര ഇടതുപക്ഷ വ്യക്തിയാണ്. അവർ ജയിച്ചാൽ ദശലക്ഷക്കണക്കിന് ജോലികൾ അപ്രത്യക്ഷമാകും,” ട്രംപ് അവകാശപ്പെട്ടു. “നിങ്ങളുടെ ജീവിത സമ്പാദ്യം പൂർണ്ണമായും ഇല്ലാതാകും,” അദ്ദേഹം മുന്നറിയിപ്പു നല്കി.
താൻ അമേരിക്കയുടെ മുൻ കമാൻഡർ ഇൻ ചീഫ് ആയിരുന്നപ്പോൾ ലോകമെമ്പാടുമുള്ള എതിരാളികൾക്ക് അമേരിക്കയെ നിസ്സാരമായിക്കാണാനാവില്ലെന്ന് അറിയാമായിരുന്നുവെന്ന് ട്രംപ് പ്രസ്താവിച്ചു. “നവംബറിൽ സഖാവ് കമല വിജയിച്ചാൽ മൂന്നാം ലോക മഹായുദ്ധം സംഭവിക്കാനുള്ള സാധ്യത ഉറപ്പാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻസിൽവാനിയയിലെ ബട്ട്ലറിലെ റാലിയിൽ നടന്ന വധശ്രമത്തിനു ശേഷം ട്രംപിന്റെ ആദ്യത്തെ വലിയ ഔട്ട്ഡോർ പരിപാടിയായിരുന്നു ഇത്.