ഹരിത വിപ്ലവ നായകൻ ആന്റപ്പൻ അമ്പിയായം- 50-ാം ജന്മ ദിനം

ജലതരംഗം ദീപങ്ങൾ തെളിയിച്ചു
എടത്വ: ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകൻ ആന്റപ്പൻ അമ്പിയായം 50-ാം ജന്മദിനം ആന്റപ്പൻ അമ്പിയായം സ്മാരക സമിതിയുടെയും കുട്ടനാട് നേച്ചർ സൊസൈറ്റിയുടെയും നേതൃത്വത്തിൽ ആചരിച്ചു.കന്യാകുമാരി വിവേകാനന്ദ സ്മാരകത്തിന് സമീപത്ത് നിന്നും ശേഖരിച്ച ജലം എടത്വ പള്ളിക്കടവിൽ പമ്പയാറ്റിൽ ആന്റപ്പൻ അമ്പിയായം സ്മാരക സമിതി ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ മൺകൂജ യിൽ നിന്നും പകർന്നു. നദികളും തോടുകളും സംരംക്ഷിച്ച് അടുത്ത തലമുറയ്ക്ക് പരിശുദ്ധിയോട് നല്കണമെന്ന ലക്ഷ്യത്തിലൂന്നി ആന്റപ്പൻ അമ്പിയായം ആരംഭിച്ച ജലതരംഗം പരിപാടിയുടെ തുടർച്ചയായി പമ്പയാറ്റിൽ ജലതരംഗം ദീപങ്ങളും തെളിയിച്ചു.
ആന്റപ്പൻ നട്ടു പരിപാലിച്ച് വളർത്തിയ ചെടിയുടെ മരത്തണലിൽ നടന്ന ചടങ്ങ് ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജിൻസി ജോളി ഉദ്ഘാടനംചെയ്തു. ആന്റപ്പൻ അമ്പിയായം സ്മാരക സമിതി പ്രസിഡൻ്റ് ഡോ.ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. എടത്വ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേശ്മ ജോൺസൺ മുഖ്യ സന്ദേശം നല്കി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ജി. ജയചന്ദ്രൻ, കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡൻ്റ് ജയൻ ജോസഫ് പുന്നപ്ര, സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസ്, ജേക്കബ് സെബാസ്റ്റ്യൻ, പമ്പ ബോട്ട് റേസ് ക്ലബ് സെക്രട്ടറി പുന്നൂസ് ജോസഫ്, കൺവീനർ സജി കൂടാരത്തിൽ, മകം ജലോത്സവം കമ്മിറ്റി ജനറൽ സെക്രട്ടറി സുധീർ കൈതവന, അനിൽ അമ്പിയായം എന്നിവർ പങ്കെടുത്തു.
മുൻ രാഷ്‌ട്രപതി എ പി ജെ അബ്ദുൽ കലാമിന്റെ 80 വയസു പ്രൂർത്തിയായ നാൾ എടത്വ പള്ളിയുടെ ചുറ്റും 80 വൃക്ഷത്തൈകൾ നട്ടുകൊണ്ടാണ് ആന്റപ്പൻ ഡോ.എ.പി.ജെ അബ്ദുൽ കലാമിനോടൊപ്പം ജന്മദിനം കൊണ്ടാടിയത്.നിരവധി വൃക്ഷങ്ങളാണ് എടത്വ ഗ്രാമത്തിൽ ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായ ആന്റപ്പൻ അമ്പിയായം നട്ടത്.
2010-ൽ തിരുവനന്തപുരത്ത് വെച്ച് പരിസ്ഥിതി ഉച്ചകോടി ആൻ്റപ്പൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ടു. ശുദ്ധമായ വായു, ശുദ്ധമായ ജലം, ശുദ്ധമായ മണ്ണ് ഇവ വരും തലമുറയ്ക്ക് പരിശുദ്ധിയോട് നല്കണമെന്ന ലക്ഷ്യത്തിലൂന്നിയാണ് പ്രകൃതി സഹവാസ ക്യാമ്പുകൾ ആൻ്റപ്പൻ കേരളത്തിലുടനീളം സംഘടിപ്പിച്ചത്.ഇന്ന് രാജ്യമെമ്പാടും ഗ്രീൻ കമ്മ്യൂണിറ്റി പ്രവർത്തകർ ആ ദീർഘവീക്ഷണശാലിയുടെ സ്വപ്ന സാക്ഷാത്കാരത്തിനായി നിലകൊളളുന്നു .
കേരള യൂണിവേഴ്‌സിറ്റി ബി.എ പാഠപുസ്തകത്തില്‍ ആന്റപ്പന്‍ അമ്പിയായം ഇടം നേടിയിട്ടുണ്ട്.
കേരള യൂണിവേഴ്‌സിറ്റി ബി.എ മലയാളം മൂന്നാം സെമസ്റ്റര്‍ മൂന്നാം മൊഡ്യൂളില്‍ പരിസ്ഥിതി പഠനം എന്ന ഭാഗത്താണ് പച്ചപ്പിന്റെ പ്രചാരകനായിരുന്ന ആന്റപ്പന്‍ അമ്പിയായത്തെ കുറിച്ച് വിശേഷിപ്പിച്ചിരിക്കുന്നത്.ആര്‍. വിനോദ് കുമാറിന്റെ കേരളത്തിലെ ഹരിത ജാലകം തുറന്നവര്‍ എന്ന പുസ്തകത്തില്‍ ആന്റപ്പനെ കുറിച്ചു പറയുന്ന ‘പട്ടുപോകാത്ത ഒറ്റമരം’ എന്ന ലേഖനമാണ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ഉള്ള യാത്രയിൽ 2013 ജൂൺ 3ന് എറണാകുളത്ത് വെച്ച് നടന്ന ബൈക്ക് അപകടത്തിലൂടെ ആണ് പച്ചപ്പിന്റെ പ്രചാരകനായ ആന്റപ്പൻ അമ്പിയായം ലോകത്തോട് വിട ചൊല്ലിയത്.
ആന്റപ്പൻ അമ്പിയായത്തിന്റെ സഹോദരനും മാധ്യമ പ്രവർത്തകനുമായ അനിൽ അമ്പിയായത്തിന്റെയും കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ.വിനോദ് വർഗ്ഗീസിന്റെയും ജന്മദിനം ഇന്ന് ആയതിനാൽ ഇരുവർക്കും ആന്റപ്പൻ അമ്പിയായം എടത്വ പള്ളി കടവിൽ നട്ടു വളർത്തിയ ചെടിയുടെ പൂക്കൾ സമ്മാനിച്ചു ജന്മദിന പ്രാർത്ഥനാശംസകൾ നേർന്നു.