ന്യൂയോർക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഞായറാഴ്ച ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി. ഗാസയിലെ മാനുഷിക സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി മോദി ഗുരുതരമായ ഉത്കണ്ഠ രേഖപ്പെടുത്തി. മേഖലയിലെ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ഉറപ്പാക്കിയതായി അദ്ദേഹം അറിയിച്ചു.
“ന്യൂയോർക്കിൽ വച്ച് പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായി സുവ്യക്തമായ ചർച്ച നടത്തി. മേഖലയിലെ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ വീണ്ടും ആവർത്തിച്ചു. പലസ്തീനുമായുള്ള ഇന്ത്യയുടെ ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയം നടന്നു,” പ്രധാനമന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു.
ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യു.എസ് സന്ദർശനം നടത്തിയിരിക്കുകയാണ്. ആഗോള വികസനത്തിനും സമാധാനത്തിനും ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയെയും കാഴ്ചപ്പാടുകളെയും ക്വാഡ് ഉച്ചകോടിയിൽ അദ്ദേഹം പങ്കുവെച്ചിരുന്നു.