ഫ്‌ളോറിഡ: മിൽട്ടൺ ചുഴലിക്കാറ്റ് ബുധനാഴ്ച വൈകുന്നേരം കരതൊട്ടതോടെ ഫ്‌ളോറിഡയിൽ ആശങ്കയും പടർന്നു. സംസ്ഥാനത്ത് ഇനിയും സുരക്ഷിത സ്ഥാനത്തേക്ക് മാറാത്തവരെക്കുറിച്ചും, ഇപ്പോൾ ഒഴിഞ്ഞുമാറാൻ തീരുമാനിച്ച താമസക്കാരെയും സഹായിക്കുന്ന ആദ്യ പ്രതികരണ സംഘത്തിന്റെ സുരക്ഷയെക്കുറിച്ചും കടുത്ത ആശങ്കയുണ്ടെന്ന് സെനറ്റർ റിക്ക് സ്‌കോട്ട് അറിയിച്ചു.
പല മുന്നറിയിപ്പുകൾ നൽകിയിട്ടും പലരും ഒഴിഞ്ഞുപോകാത്ത സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള സാദ്ധ്യതകൾ കുറയുന്നതായി സെനറ്റർ പറഞ്ഞു. ഫ്‌ളോറിഡയിൽ ഇപ്പോഴുള്ളവർക്കായി ഇനി വേറെ മാർഗ്ഗമില്ലെന്നും, തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം മുൻകരുതലുകൾ എടുക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. കൂടാതെ, കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വൈദ്യുതി മുടക്കവും മറ്റു നാശനഷ്ടങ്ങളും തീവ്രമായിരിക്കുമെന്ന് ആശങ്കയുണ്ടെന്നും സെനറ്റർ റിക്ക് സ്‌കോട്ട് വ്യക്തമാക്കി.














































