AmericaBlogLifeStyleNews

ഓൺലൈൻ ബാങ്കിങ് തട്ടിപ്പിനെക്കുറിച്ച് ഇരയുടെ മുന്നറിയിപ്പ്

കൈയിലുള്ളതു  പോലും മിഥ്യയാണെന്നു തിരിച്ചറിഞ്ഞ നിമിഷം. കൈവിട്ടു പോയ സമ്പാദ്യം ഒരു ശ്വാസത്തിൽ അവസാനിക്കുന്ന നേട്ടം. ബാങ്കുകാർ വെറും സൂക്ഷിപ്പുകാർ  അല്ലെന്നു  തിരിച്ചറിയുന്ന നേരം. അതായിരുന്നു നവംബർ 13, 2024-നു  ശേഷം ഇതുവരെയുള്ള   എന്റെ ജീവിതത്തിലെ നിർണായകമായ ദിനങ്ങൾ. അതിൽ നിന്നും ഇന്നു  വരെ പൂർണമായി ഞാൻ വിമോചിതനായില്ല എന്ന് പറഞ്ഞു കൊണ്ട് തുടങ്ങട്ടെ! ഇതിനു മുൻപും ഉണ്ടായിട്ടുള്ള ചില അനുഭവങ്ങൾ പിന്നീട് പ്രതിപാദിക്കാം. സമയത്തു നാം പ്രതികരിച്ചാൽ, നാം വിജയം കണ്ടെത്തും. എടുത്തുപറയട്ടെ, സമയം ഒരു പ്രധാന ഘടകം. നവംബർ 13, 2024 ഞങ്ങളുടെ ജീവിതത്തിലെ കാള രാത്രി.

ബാങ്കിലെ കണക്കുകൾ എല്ലാം ഒന്നു രണ്ടു പ്രാവശ്യം ദിനത്തിൽ നാം അക്കൗണ്ട്  നോക്കി പോക്കുവരവുകൾ നോക്കി എല്ലാം ശരിയെന്നു തിട്ടപ്പെടുത്തണം.  ബാങ്കിലെ  ക്ലീറൻസ് സമയം 11:00 pm നു മുൻപ്.  

മേൽ പറഞ്ഞ ദിനത്തിൽ ഏതാണ്ട് രണ്ടു മണിയോടുകൂടി ചെയ്‌സ് ബാങ്കിൽ 6000 ഡോളർ ചെക്കിങ് അക്കൗണ്ടിൽ ഉണ്ടെന്നു ഞാൻ ഉറപ്പു വരുത്തിയിരുന്നു.  ഏതാണ്ട് 3 : 00 pm ന് ഏതാനും   മിനിറ്റുള്ളപ്പോൾ  ബാങ്കിൽ നിന്നും അലെർട് വരുന്നു,  അൽകൗണ്ടിൽ $ 50 ൽ താഴെ മാത്രമാണ് എന്റെ ബാലൻസ് എന്ന്. ഓൺ ലൈൻ   അക്കൗണ്ട്   പരിശോധിച്ചപ്പോൾ 35 സെന്റ്സ് മാത്രം ബാങ്കിൽ ബാലൻസ്.  മൂന്നു  ചെക്കിങ് അക്കൗണ്ടുകളാണ്, 34 വർഷമായി ബാങ്കിൽ ഉള്ളത്.  

ഉടൻ ബാങ്കിന്റെ ക്ലെയിം ഡിപ്പാർട്മെന്റിനെ വിളിക്കുന്നു. അവർ സൈബർ ഡിപ്പാർട്മെന്റുമായി കണക്ട് ചെയ്തു നാലു  മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചു സംസാരിച്ചു. ക്ലെയിം നമ്പേഴ്സ് കിട്ടിയതിനു ശേഷം, എന്റെ മൂന്ന് അക്കൗണ്ടുകളും ഫ്രീസ് ചെയ്‌തെന്നും പിറ്റേ ദിവസം ലോക്കൽ ബാങ്കിൽ പോയി പുതിയ യൂസർ നെയിമും  പാസ്സ്‌വേർഡും കിട്ടുന്നതിന് സമീപിക്കാനുമുള്ള ഉത്തരവും കിട്ടുന്നു. അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. അതിനുള്ളിൽ ബാങ്കുകൾ ഇങ്ങനെ ഉള്ള സന്ദർഭങ്ങളിൽ സ്വീകരിക്കുന്ന നിലപാടുകളെ പറ്റിയും, ഓൺലൈനിൽ നിന്നും അറിയാൻ സാധിച്ചു. ഫിക്സഡ് ഡെപോസിറ്റിലോ, CD യിലോ നിക്ഷേപിക്കാത്തതിനാൽ, പോയപ്പോൾ എല്ലാ തുകയും ഒരുമിച്ചു പോകുന്നു. ഒരു വീടിനു ന്യൂയോർക്കിൽ ഡൌൺ പേയ്മെന്റ് ഇടാനുള്ള തുകയാണ് എനിക്ക് നഷ്ടമായത്. (അത് എത്രയെന്നു ചിന്തനീയം)

പിറ്റേ ദിവസം 20 വർഷമായി ലോക്കൽ ചെയ്‌സ് ബാങ്കിൽ വർക്ക് ചെയുന്ന ഒരു മലയാളി എന്റെ സാഹയത്തിനെത്തി. അദ്ദേഹം പുതിയ യൂസർ നെയിം, പാസ്സ്‌വേർഡ്, ഇമെയിൽ അക്കൗണ്ട് തുടങ്ങിയവയുടെ പുനർ നിർമാണത്തിൽ എന്നെ സഹായിച്ചു. എന്റെ ആവശ്യപ്രകാരം അദ്ദേഹം വീണ്ടും ക്ലെയിം ഡിപ്പാർട്മെന്റുമായി ബന്ധപെടുന്നു. പരിധിയിൽ കഴിഞ്ഞും അദ്ദേഹം എന്നെ സഹായിച്ചു. ഇതൊരു ഐഡന്റിറ്റി തെഫ്റ്റ്  ആയിരുന്നു. വര്ഷങ്ങള്ക്കു മുൻപ് എന്റെ ഭാര്യയുടെ പേരും, അഡ്രസ്സും, സോഷ്യൽ സെക്യൂരിറ്റി നമ്പറും എവിടെനിന്നോ ചോർത്തി പെൻസിൽവാനിയയിൽ ഒരു ബിസിനസ് അക്കൗണ്ട് തുടങ്ങിയിരുന്നു. ഞങ്ങൾ അറിയാതെ കുറഞ്ഞ തുകയിലുള്ള ചില ഇടപാടുകളും നടത്തിയിരുന്നു. ഈ അക്കൗണ്ടിൽ ഇടപാടുകൾ നടത്തി വിശ്വാസം നേടുക എന്നതായിരുന്നു ഉദ്ദേശം. പരിധിവരെ അവരുടെ ഉദ്ദേശം സാധിച്ചു എന്ന് തന്നെ പറയട്ടെ!

ഇതിനകം തന്നെ ജോലിയുമായി ബന്ധപെട്ടു കാലിഫോർണിയയിൽ ആയിരുന്ന എന്റെ മകനോട് യൂസർ നെയിം, പാസ്സ്‌വേർഡ് മാറ്റാൻ  ബാങ്ക് മെസ്സേജ് കൊടുക്കുന്നു. ഇവിടെ തിരികെ വന്നതിനു ശേഷമാണു എന്റെ നഷ്ടത്തെപ്പറ്റിയും മറ്റും അവൻ അറിയുന്നത്.

മകനിൽനിന്നും കുറെ തുക വാങ്ങി അത്യാവശ്യം വന്നു പോകുന്ന ചെലവുകൾക്കായി ബാങ്കിൽ നിക്ഷേപിച്ച ശേഷം, അടുത്ത ദിവസം ലോക്കൽ പോലീസ് സ്റ്റേഷനിൽ പോയി പോലീസ് റിപ്പോര്ടിനായി ഒരു കേസ് ഫയൽ ചെയുന്നു. പോലീസിന് ഇതിനൊന്നും ചെയ്യാനില്ല എന്നറിഞ്ഞു കൊണ്ട് തന്നെയാണ് കംപ്ലൈന്റ്റ് ഫയൽ ചെയ്തത് തന്നെ. ഭാവിയിൽ വേണ്ടിവന്നാൽ ഇതൊരു സപ്പോർട്ടിങ് ഡോക്യൂമെന്റയി നമുക്കുപകരിക്കും. അല്ലാതെ പോലീസിന് ഇതിനൊന്നും ചെയ്യാനില്ല. മൂന്നു നാലു ദിവസത്തിന് ശേഷം അതിന്റെ റിപ്പോർട്ട് കയ്യിൽ കിട്ടി.

ബാങ്കിലെ  ഇതുപോലെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ, ക്ലെയിം ഡിപ്പാർട്‌മെന്റുമായി ബന്ധപെടുക. കുറഞ്ഞ തുകയെങ്കിൽ താമസിയാതെ ബാങ്കിൽ അത് ക്രെഡിറ്റ് ചെയ്യും. ഇതുപോലെയുള്ള കേസുകളുടെ അന്വേഷണം ബാങ്കിന്റെ സൈബർ ഡിപ്പാർട്മന്റ് ആണ്. എന്റെ പ്രശ്നം അവരുടെ ഭാഷയിൽ തന്നെ വലിയ തുക. അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനു ശേഷം ക്ലെയിം, അല്ലെങ്കിൽ അതിനു താഴെ തുടങ്ങിയ അക്കൗണ്ടിലെ ക്ലെയിം. അങ്ങനെ അവർ  അത് വേർ തിരിക്കുന്നു. എന്റെ അക്കൗണ്ട് ഓപ്പൺ ചെയ്തിട്ട്  34 വര്ഷം. എന്റെ കേസിൽ രണ്ടാഴ്ച. അതായതു 10  പ്രവർത്തി ദിനങ്ങൾ. അതിനു മുൻപ് അതിനൊരു പരിഹാരം അവർ കാണും. ഈ സമയത്തിനുള്ളിൽ പല പ്രാവശ്യം ബാങ്കിൽ പോകുകയും അവർ എന്നെ സഹായിക്കുകയും ചെയ്‌തു. എന്റെയും രണ്ടു മക്കളുടെയും പേരിൽ വലിയൊരു തുക അവിടെ അക്കൗണ്ടിൽ ഉണ്ട്. വിശ്വാസം നഷ്ടപ്പെട്ടാൽ  മുഴുവൻ അക്കൗണ്ടുകളും ക്ലോസു ചെയ്യുമെന്നുമുള്ള എന്റെ തീരുമാനവും ബാങ്കിൽ നിന്നും അവർക്കു കിട്ടിയിരുന്നു.

കൃത്യം പത്തു  ദിവസം തികയുന്നതിനു ഒരു മണിക്കൂർ മുൻപായി വലിയ തുക എന്റെ അക്കൗണ്ടിൽ തിരികെ വന്നു. അപ്പോൾ തന്നെ ബാങ്കിൽ പോയി അത് CD യിലേക്ക് മാറ്റുകയും ചെയ്തു. മാറ്റിയതിനു ശേഷം ആ അക്കൗണ്ട് ക്ലോസ്  ചെയ്തു. പ്രശ്നം തീർന്നില്ല. മാറ്റപെട്ട മറ്റൊരു ചെറിയ തുക രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തിരികെ തന്നു. എങ്കിൽ തന്നെ, വലിയ തുക തിരികെ കിട്ടിയ പിറ്റേന്ന് തിരികെ കിട്ടിയ  ചെറിയ തുക ബാങ്ക് തിരിച്ചെടുത്തു. ഞങ്ങളുടെ അക്കൗണ്ട് ഒരുമിച്ചാണെങ്കിൽ  തന്നെ, ഞാൻ പരാതിപെട്ടില്ല എന്നാണ് അവരുടെ ഭാഷ്യം. വിളിച്ചപ്പോൾ കേസ് ക്ലോസ്  ചെയ്തു എന്നറിയാൻ കഴിഞ്ഞു. വീട്ടിലാണ് പണം സൂക്ഷിക്കുന്നതെങ്കിൽ നഷ്ടപ്പെടാൻ സാദ്ധ്യതകൾ ഏറെ. അതുകൊണ്ടാണല്ലോ സുരക്ഷിതം എന്ന് കരുതി ബാങ്കിൽ നിക്ഷേപിക്കുന്നത്. അവിടെയും സുരക്ഷിതം അല്ലെന്നല്ലേ ഇതൊക്കെ വെളിവാക്കുന്നത്.   അതുമായി വീണ്ടും ബാങ്കിനെ സമീപിക്കുന്നു. വാദമുഖങ്ങൾ നിരത്തി. ബാങ്ക് ക്ലെയിമിനെ വിളിക്കുന്നു. കേസു വീണ്ടും തുറക്കുന്നു.

സത്യത്തിൽ സംഭവിച്ചത്, ആരോ എന്റെ ഇമെയിൽ ഹാക്ക് ചെയ്തു, എന്റെ യൂസർ നെയിമും പാസ്സ്‌വേഡും ഉപയോഗിച്ച് എന്റെ ഫോണിൽ നിന്നും, ഞാൻ ആണ് മണി ട്രൻസ്ഫെർ ചെയുന്നത് എന്ന് ബാങ്കിനെ തെറ്റിദ്ധരിപ്പിച്ചു തുകമുഴുവൻ മറ്റൊരു അക്കൗണ്ടിലേക്കു ഓൺലൈൻ മുഖേന മാറ്റുക, അവിടെ നിന്നും  ഉടൻ തന്നെ അവർക്കു സേഫ് ആയ മറ്റൊരു അക്കൗണ്ടിലേക്കു മാറ്റുക. അതാണ് സംഭവിച്ചത്.

എന്നും ഒരു പ്രാവശ്യമെങ്കിലും അക്കൗണ്ട് പരിശോധിക്കുക. പ്രശ്നം കണ്ടുപിടിച്ചാൽ ഉടൻ ബാങ്കിനെ വിളിക്കുക. താമസിക്കുംതോറും പ്രശ്നങ്ങൾ പരിഹരിക്കാൻ സമയം എടുക്കും.
അറിയാത്ത ഒരു ലിങ്കിലും, ഇമെയിലിലോ, വാട്സാപില്ലോ, ഫേസ്ബുക്കിലോ, മറ്റേതെങ്കിലും ലിങ്കിലോ ക്ലിക്ക് ചെയ്യരുത്. ഒരിക്കലും സോഷ്യൽ സെക്യൂരിറ്റി നമ്പറോ, ഡേറ്റ് ഓഫ് ബർത്തോ ഫോണിലൂടെ ഷെയർ ചെയ്യരുത്.   മെയിൽ ബോക്സിൽ വരുന്ന ഇടപാടുകൾ നോക്കി അതിനനുസരിച്ച പ്രതികരിക്കുക.
എത്ര സൂക്ഷിച്ചാലും അപകടങ്ങൾ പതിയിരിക്കുന്നു. സൂക്ഷിക്കുക.

നഷ്ടപെട്ടത്, ബാങ്ക് എനിക്ക് തിരികെ തന്നു. എപ്പോഴും അങ്ങനെ ആയിക്കൊള്ളണമെന്നില്ല. നമ്മുടെ ഭാഗത്തു വീഴ്ച ഉണ്ടായാൽ ബാങ്കിന് ഒന്നും ചെയ്യാൻ ആകില്ല. 

Show More

Related Articles

Back to top button