BusinessKeralaLifeStyleNews

വിപിഎസ് ലേക്‌ഷോറിൽ നൂതന ഡയബറ്റിക് ഫൂട്ട് ലാബ് പ്രവർത്തനം ആരംഭിച്ചു

കൊച്ചി: പ്രമേഹ സങ്കീർണതകൾ മൂലം പാദം മുറിച്ചുമാറ്റപ്പെടുന്ന സംഭവങ്ങൾ രാജ്യത്തുടനീളം വലിയ  തോതിൽ വർധിക്കുന്ന സാഹചര്യത്തിൽ വിപിഎസ് ലേക്‌ഷോറിൽ പ്രത്യേക ഡയബറ്റിക് ഫൂട്ട് ലാബ് ആരംഭിച്ചു. പ്രമേഹ പാദ രോഗികൾക്ക് വിദഗ്ദ്ധ പരിചരണം നൽകുന്നതിനും പാദം മുറിച്ച്‌ മാറ്റേണ്ട അവസ്ഥ ഒഴിവാക്കാനും ലക്ഷ്യമിട്ട് വിപിഎസ് ലേക്‌ഷോറിൽ ഓർത്തോപീഡിക് വിഭാഗത്തിന് കീഴിലാണ് ഡയബറ്റിക് ഫൂട്ട് ലാബ് സ്ഥാപിതമായത്.
പ്രമേഹ രോഗികൾക്ക് രക്തക്കുഴലുകളുടെ പരിശോധന, ന്യൂറോപ്പതിക് പരിശോധന, കാലിലെ പ്രഷർ സ്കാൻ എന്നിവ നടത്തുന്നതിനുള്ള നൂതന സാങ്കേതികവിദ്യകളുടെ പിന്തുണയുള്ള അത്യാധുനിക സൗകര്യങ്ങൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
വിപിഎസ് ലേക്‌ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള ലാബ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ.ഷോൺ ടി ജോസഫ്, സിഒഒ ജയേഷ് വി നായർ, ന്യൂറോ സർജൻ ഡോ. സുദീഷ് കരുണാകരൻ, ഫുട്ട് ആൻഡ് ആങ്കിൾ പോഡിയാട്രി വിഭാഗം മേധാവി ഡോ. രാജേഷ് സൈമൺ, കൺസൾട്ടന്റ് ഡോ. ഡെന്നിസ് പി ജോസ് എന്നിവർ സന്നിഹിതരായി.  
ആങ്കിൾ ബ്രാക്കിയൽ ഇൻഡക്സ് (എബിഐ) മെഷീൻ, ബയോതെസിയോമീറ്റർ, ഫൂട്ട് പ്രഷർ മാപ്പിംഗ് സ്കാനർ എന്നിവയുൾപ്പെടെയുള്ള പ്രത്യേക ഉപകരണങ്ങൾ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു.
ആങ്കിൾ ബ്രാക്കിയൽ ഇൻഡക്സ് (എബിഐ) മെഷീൻ ഉപയോഗിച്ച് കണങ്കാലിലെയും കൈയിലേയും  രക്തസമ്മർദ്ദത്തിന്റെ അനുപാതം അളക്കാൻ സഹായിക്കുന്നു, ഇതിലൂടെ രക്തക്കുഴലുകളുടെ ആരോഗ്യം നിർണയിക്കാം. ന്യൂറോപ്പതി രോഗനിർണ്ണയത്തിന് സഹായിക്കുന്ന വൈബ്രേഷൻ പെർസെപ്ഷൻ ത്രെഷോൾഡ് (VPT) നിർണ്ണയിക്കുന്ന ഒരു നോൺ-ഇൻവേസിവ് ഉപകരണമാണ് ബയോതെസിയോമീറ്റർ.

“പ്രമേഹ രോഗികൾക്ക് പാദങ്ങളിൽ സംവേദനക്ഷമത കുറവായതിനാൽ മുറിവ് ഉണ്ടായാൽ  അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ക്രമേണ ഡയബറ്റിക് ഫുട്ട് അൾസറായി മാറുകയും ആത്യന്തികമായി കാൽ മുറിച്ചുമാറ്റലിലേക്ക് നയിക്കുകയും ചെയ്യും. അവരുടെ പാദങ്ങളുടെ ആരോഗ്യം വിലയിരുത്തുന്നതിന്, വാസ്കുലർ സിസ്റ്റം, ന്യൂറോപതിക് അവസ്ഥ, കാലിലെ  രക്തസമ്മർദ്ദം എന്നിവ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. ഈ പരിശോധനകൾ  അവരുടെ പാദങ്ങളുടെ നിലവിലെ അവസ്ഥ നിർണ്ണയിക്കാനും ഏറ്റവും ഉചിതമായ ചികിത്സ ശുപാർശ ചെയ്യുന്നതിൽ ഞങ്ങളെ നയിക്കാനും സഹായിക്കുന്നു,” വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ ഫുട്ട് ആൻഡ് ആങ്കിൾ, പോഡിയാട്രിക് വിഭാഗം കൺസൾട്ടൻ്റ്  ഡോ. ഡെന്നിസ് പി ജോസ് പറഞ്ഞു.

പ്രമേഹ സംബന്ധമായ പാദ രോഗങ്ങളുമായി ബന്ധപ്പെട്ട സങ്കീർണതകൾ തടയുന്നതിന് നേരത്തെയുള്ള കണ്ടെത്തലും സമയബന്ധിതമായ ഇടപെടലും നിർണായകമാണെന്ന് വിപിഎസ് ലേക്‌ഷോർ ഫുട്ട് ആൻഡ് ആങ്കിൾ വിഭാഗം മേധാവി ഡോ. രാജേഷ് സൈമൺ പറഞ്ഞു. “ഈ ലാബിൻ്റെ നൂതനമായ സജ്ജീകരണം പ്രാരംഭ ഘട്ടത്തിൽ തന്നെ പ്രശ്‌നങ്ങൾ തിരിച്ചറിയാനും കൽ മുറിച്ചുമാറ്റൽ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രത്യാഘാതങ്ങളിൽ നിന്ന് രോഗികളെ സംരക്ഷിക്കുന്നതിന് സജീവമായ നടപടികൾ കൈക്കൊള്ളാനും ഞങ്ങളെ സഹായിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.

“ഞങ്ങൾ രോഗികളെ വിശകലനം ചെയ്തപ്പോൾ, ഡയബറ്റിക് ഫുട്ട് അൾസർ കൂടുതലായി കാണപ്പെടുന്നതായി  കണ്ടെത്തി. ഈ അവസ്ഥയെ ഫലപ്രദമായി ചികിത്സിക്കുന്നതിന്, ഓരോ രോഗിയുടെയും വ്യക്തവും സമഗ്രവുമായ മെഡിക്കൽ റെക്കോർഡ് ഞങ്ങൾക്ക് ആവശ്യമാണ്. ഫുട്ട് ആൻഡ് ആങ്കിൾ, പോഡിയാട്രി വിഭാഗം ഇതിനകം നിരവധി രോഗികളെ കാൽ മുറിച്ചുമാറ്റുന്നതിൽനിന്ന് രക്ഷിച്ചതിനാൽ, ഇവിടെ ഒരു അത്യാധുനിക ലാബ് സ്ഥാപിക്കേണ്ടതിൻ്റെ പ്രാധാന്യം ഞങ്ങൾ തിരിച്ചറിഞ്ഞു. ഈ സൗകര്യം രോഗികൾക്ക് ഗുണം ചെയ്യുക മാത്രമല്ല, കൂടുതൽ കൃത്യമായി ചികിത്സകൾ ആസൂത്രണം ചെയ്യാൻ ഡോക്ടർമാരെ പ്രാപ്തരാക്കുകയും ചെയ്യും,” ഉദ്ഘാടന വേളയിൽ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button