KeralaLatest News

പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ ഭിന്നശേഷിക്കാര്‍ക്ക് സംവരണം വേണമെന്ന് എബിലിറ്റീസ് ഇന്ത്യാ സെമിനാറില്‍ ആവശ്യം

എബിലിറ്റീസ് ഇന്ത്യ എക്‌സ്‌പോ ഇന്ന് (ഫെബ്രു. 2) സമാപിക്കും

കൊച്ചി: കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഭിന്നശേഷിക്കാര്‍ക്കുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഭിന്നശേഷിയുള്ളവര്‍ നിര്‍മിച്ച ഉല്‍പ്പന്നങ്ങളും അവതരിപ്പിക്കുന്ന ആദ്യത്തെ സമഗ്ര ദേശീയ പ്രദര്‍ശനമായ എബിലിറ്റീസ് ഇന്ത്യാ എക്സ്പോ ഇന്ന് (ഫെബ്രു.2) സമാപിക്കും. ശനിയാഴ്ച വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളില്‍ വിദഗ്ധര്‍ പങ്കെടുത്തു.

ഹെറിറ്റേജ് ടൂറിസത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കേണ്ട പരിഗണനകളെക്കുറിച്ചും അവ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ചും ദേശീയ മ്യൂസിയം വകുപ്പ് മുന്‍ ഡയറക്ടര്‍ ഡോ. വി. വേണുഗോപാല്‍ നയിച്ച ഹെറിറ്റേജ് ടൂറിസം സെമിനാര്‍ ചര്‍ച്ച ചെയ്തു. ഭിന്നശേഷിക്കാര്‍ക്കു വേണ്ടി വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തണമെന്ന വിഷയത്തിലെ ചര്‍ച്ച ഐക്യരാഷ്ട്രസഭയിലെ ഉപദേഷ്ടാവും ലോകാരോഗ്യ സംഘടനയുടെ പ്രൊജക്ട് ലീഡറുമായ ഡോ. ജയകര്‍ ജോണ്‍സണ്‍ ജോസഫ് നയിച്ചു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങളെക്കുറിച്ചുള്ള ജനകീയ സെമിനാറില്‍ ദിസ് എബിലിറ്റി മിഷന്‍ കേരള ചെയര്‍മാനും എക്‌സ്‌പോ ടീം അംഗവുമായ ഡോ. എഫ്. എം ലാസര്‍, എക്‌സ്‌പോ കോര്‍ഡിനേറ്റര്‍ രാജന്‍ കൈപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. 2016ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം തൊഴില്‍ മേഖലയില്‍ നാല് ശതമാനവും വിദ്യാഭ്യാസ മേഖലയില്‍ അഞ്ച് ശതമാനവും സംവരണം ഏര്‍പ്പെടുത്തിയെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സംവരണം ഇല്ലാത്തത് പോരായ്മയാണെന്ന് അഭിപ്രായമുയര്‍ന്നു. സ്ത്രീകള്‍ക്കും എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കുമെല്ലാം പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ സംവരണം ഏര്‍പ്പെടുത്തിയിരിക്കുന്നതിന് സമാനമായി ഭിന്നശേഷിക്കാര്‍ക്കും സംവരണം വേണമെന്നാണ് സെമിനാര്‍ ആവശ്യപ്പെട്ടത്. ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയില്‍ വരണമെങ്കില്‍ ഈ വിഭാഗത്തില്‍ നിന്ന് തന്നെ ജനപ്രതിനിധികള്‍ ഉണ്ടാകണമെന്ന് സെമിനാറില്‍ ചൂണ്ടിക്കാട്ടി. വൈകിട്ട് ആറ് മണിക്ക് വൈക്കം വിജയലക്ഷ്മിയുടെ സംഗീത പരിപാടി അരങ്ങേറി.

ഇന്ന് (ഫെബ്രു. 2) നടക്കുന്ന സെമിനാറില്‍ ഭിന്നശേഷിക്കാര്‍ക്കായി നിലവിലുള്ള സ്‌കീമുകളെക്കുറിച്ചും അത് പ്രയോജനപ്പെടുത്തേണ്ട രീതികളെക്കുറിച്ചും സംസ്ഥാന ഭിന്നശേഷി കോര്‍പ്പറേഷന്‍ എം. ഡി കെ. വി മൊയ്തീന്‍കുട്ടി സംസാരിക്കും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. വോല്‍ഷല്‍ എബിലിറ്റീസ് ആന്‍ഡ് അസിസ്റ്റീവ് ടെക്നോളജീസ് ആണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Show More

Related Articles

Back to top button