ഗാന്ധിജിയെ വരയ്ക്കാനും എളുപ്പമെന്ന് ഇ പി ഉണ്ണി; ഗാന്ധിജിയെ സ്വാധീനിച്ച എഴുത്തുകാരെപ്പറ്റി എ്ന്‍ എസ് മാധവന്‍.

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ ഇന്നലെ (ഫെബ്രുവരി 09) എറണാകുളം പബ്ലിക് ലൈബ്രറി അങ്കണത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഇ. പി ഉണ്ണി, എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍ എന്നിവര്‍ സംസാരിച്ചു.
ലോകത്തിലെ പ്രശസ്തരായ വിവിധ കാര്‍ട്ടൂണിസ്റ്റുകള്‍ ഗാന്ധിയെ കാര്‍ട്ടൂണുകളിലൂടെ ആവിഷ്‌കരിച്ചത് ഇ. പി ഉണ്ണി അവതരിപ്പിച്ചു. 1906 മുതല്‍ ഗാന്ധി കാര്‍ട്ടൂണുകളിലുണ്ടെങ്കിലും 1921 സെപ്തംബര്‍ 21ന് തലമുണ്ഡനം ചെയ്ത് തൊപ്പി ഉപേക്ഷിച്ചതു മുതലാണ് എത്ര അവിദഗ്ധമായി വരച്ചാലും വരയ്ക്കാന്‍ പറ്റുന്ന രൂപമായി അദ്ദേഹം മാറിയതെന്ന് അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിലെ ഗാന്ധി എന്ന വിഷയത്തില്‍ സംസാരിച്ച എന്‍ എസ് മാധവന്‍ ഗാന്ധിയെ ഗാന്ധിജിയാക്കിയ എഴുത്തുകാരെപ്പറ്റിയും എഴുത്തുകാരുടെ ഗാന്ധിയെപ്പറ്റിയും വിശദീകരിച്ചു. ഹെന്‍ റി എസ്.സാള്‍ട്ട്, ഹെന്റി ഡേവിഡ് തോറോ, ടോള്‍സ്‌റ്റോയ്, ഗുജറാത്തി എഴുത്തുകാരനായ ശ്രീമദ് രാജ്ചന്ദ് തുടങ്ങിയ എഴുത്തുകാര്‍ ഗാന്ധിയെ ഏറെ സ്വാധീനിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ന് (ഫെബ്രു. 10) വൈകിട്ട് 5.30ന് ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന സംവാദത്തില്‍ ഗാന്ധിക്കൊപ്പമുള്ള കലാപരമായ ഇടപെടല്‍, ഒരു ശാന്തിനികേതന്‍ വീക്ഷണം എന്ന വിഷയത്തില്‍ ചരിത്രകാരന്‍ ആര്‍. ശിവകുമാര്‍ സംസാരിക്കും. പ്രദര്‍ശനം ഈമാസം 18 വരെ തുടരും.