കാലിഫോർണിയ തീപിടുത്തം:തിരികെ എത്തിയപ്പോൾ തന്റെ വീട്ടിൽ ഒരു അതിഥി – 238 കിലോ ഭാരം വരുന്ന കരടി!

കാലിഫോർണിയ: കാട്ടുതീ പടർന്നതിനെ തുടർന്ന് വീടുവിട്ടുപോയ കാലിഫോർണിയ സ്വദേശി സാം ആർബിഡ്, തിരികെ എത്തിയപ്പോൾ തന്റെ വീട്ടിൽ ഒരു അപ്രതീക്ഷിത അതിഥിയെ കണ്ടതിൽ ഞെട്ടി. 238 കിലോഗ്രാം ഭാരമുള്ള ഒരു ഭീമൻ കരിങ്കരടിയായിരുന്നു അവിടെ താത്കാലികമായി താമസം നടത്തിയിരുന്നത്!.14,000 ഏക്കറിലധികം പ്രദേശം കത്തിക്കരിഞ്ഞ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ആർബിഡും അയൽവാസികളും വീടുവിട്ടോടിയിരുന്നു. എന്നാൽ, തീ ശമിച്ച ശേഷം തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ നിയന്ത്രണം കരടി കൈവശമാക്കിയിരിക്കുന്നത് കണ്ടത്.വീട് കീഴടക്കിയതോടെ വൈദ്യുതി പുനഃസ്ഥാപിക്കാൻ പോലും കഴിയില്ലെന്ന് യൂട്ടിലിറ്റി കമ്പനി ആർബിഡിനെ അറിയിച്ചു.ഇതിനിടെ, കാലിഫോർണിയ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് (CDFW) ഇടപെട്ട് എട്ട് അംഗങ്ങളടങ്ങുന്ന ഒരു സംഘം സ്ഥലത്തെത്തി. പ്രത്യേക കൂട് ഉപയോഗിച്ച് കരടിയെ സുരക്ഷിതമായി പിടികൂടി ഏഞ്ചൽസ് നാഷണൽ ഫോറസ്റ്റിലേക്ക് മാറ്റുകയും അവിടെ ആരോഗ്യപരിശോധനയ്ക്കു ശേഷം ജിപിഎസ് കോളർ ഘടിപ്പിച്ച് മേഘലയിലേക്ക് തിരികെ വിട്ടയക്കുകയും ചെയ്തു.പ്രകൃതിക്ഷോഭവും കാട്ടുതീയുമൊക്കെ മനുഷ്യനും വനജീവികൾക്കും ഒരുപോലെ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.