
പ്ലേ ഓഫ് സാധ്യത നിലനിർത്താൻ നിർണായകമായ എഫ്‌സി ഗോവയ്‌ക്കെതിരായ മത്സരത്തിന് ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നു. മഡ്ഗാവിലെ ഫറ്റോർദ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്. മികച്ച ഫോമിൽ പോയിന്റ് പട്ടികയിൽ രണ്ടാമതുള്ള ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് ശക്തമായ വെല്ലുവിളി നേരിടേണ്ടിവരും.നോവ സദൂയിയും സസ്പെൻഷനിലായ ഹോർമിപാം റുയിയും ഇന്നത്തെ മത്സരത്തിൽ ഇല്ല. ഹോർമിപാമിന്റെ പകരക്കാരനായി ബികാഷ് യുംനം ഇറങ്ങാൻ സാധ്യത. പരുക്കേറ്റ ഗോൾകീപ്പർ സച്ചിൻ സുരേഷ് ഇന്നലെ പരിശീലനം നടത്തിയിരുന്നില്ല, അതിനാൽ നോറ ഫെർണാണ്ടസോ കമൽജിത്തോ ഗോൾവല കാക്കുമെന്നറിയാം. ജനുവരി ട്രാൻസ്ഫറിൽ എത്തിയ ദുഷാൻ ലഗാതോറിന്റെ ആദ്യ ഇലവനിലെ സ്ഥാനം അനിശ്ചിതമാണ്.ഫറ്റോർദയിൽ ഇതുവരെ ഗോവയെ തോൽപ്പിച്ചിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സ് സമ്മർദമില്ലാതെ അറ്റാക്കിങ് ഗെയിമിലൊരുങ്ങുമെന്ന് പരിശീലകൻ ടി.ജി. പുരുഷോത്തമൻ പറഞ്ഞു. കളി സ്റ്റാർ സ്പോർട്സ് 3യിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.