വ്യാവസായിക സംഘര്‍ഷം കടുക്കുന്നു: യൂറോപ്യന്‍ വൈനുകള്‍ക്കെതിരെ ട്രംപിന്റെ 200% തീരുവ ഭീഷണി

വാഷിംഗ്ടണ്‍ : ഫ്രാന്‍സിനെയും മറ്റ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വൈന്‍, ഷാംപെയ്ന്‍ എന്നിവയ്ക്ക് 200% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
യൂറോപ്യന്‍ യൂണിയന്‍ അമേരിക്കയെ മുതലെടുക്കുന്നതായി ആരോപിച്ചാണ് ട്രംപിന്റെ കടുത്ത പ്രതികരണം. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഏര്പ്പെടുത്തിയിരിക്കുന്ന നികുതി നിരക്കുകള്‍ അന്യായമാണെന്നും ഇത്തരത്തിലുള്ള നയം ഉടനടി പിൻവലിക്കണമെന്നുമാണ് ട്രംപിന്റെ ആവശ്യം.
‘‘ലോകത്തിലെ ഏറ്റവും ശത്രുതാപരമായതും ദുരുപയോഗം ചെയ്യുന്നതുമായ നികുതി, താരിഫ് അതോറിറ്റികളില്‍ ഒന്നാണ് യൂറോപ്യന്‍ യൂണിയന്‍. യുഎസ് ഉല്‍പ്പാദനങ്ങളോടുള്ള ഇത്തരത്തിലുള്ള സമീപനം അംഗീകരിക്കാനാകില്ല. യൂറോപ്യന്‍ യൂണിയന്‍ വിസ്‌കിക്ക് 50% തീരുവ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഉടനടി നീക്കം ചെയ്യപ്പെടണമെന്നില്ലെങ്കില്‍, ഫ്രാന്‍സിനും മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും യുഎസ് ഉടൻ തന്നെ വൈന്‍, ഷാംപെയ്ന്‍, മദ്യ ഉല്‍പ്പന്നങ്ങള്‍ക്ക് 200% തീരുവ ഏര്‍പ്പെടുത്തുമെന്നും’’ ട്രംപ് ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു.
യുഎസ് വൈന്‍, ഷാംപെയ്ന്‍ വ്യവസായങ്ങള്‍ക്ക് ഇത് ഗുണകരമാകുമെന്നാണ് ട്രംപിന്റെ വാദം. യൂറോപ്യന്‍ യൂണിയന്‍ ഇപ്പോഴും വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. ഈ നിലപാട് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം കൂടുതൽ വഷളാക്കുമോ എന്നത് ശ്രദ്ധേയമാണ്.