യുഎസില്‍ ചുഴലിക്കാറ്റ് ദുരിതം: 27 മരണം; കന്‍സസില്‍ വാഹനങ്ങളുടെ കൂട്ടിയിടി

വാഷിംഗ്ടണ്‍: യുഎസില്‍ വെള്ളിയാഴ്ച മുതല്‍ വീശിയടിച്ച ശക്തമായ ചുഴലിക്കാറ്റ് വന്‍ ദുരന്തം വിതച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വിവിധ സംസ്ഥാനങ്ങളിലായി 27 പേരാണ് ഇതുവരെ മരിച്ചത്. മിസ്സോറി, അര്‍ക്കന്‍സാസ്, ടെക്‌സസ്, ഒക്ലഹോമ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്.
മിസ്സോറിയിലാണ് ഏറ്റവും വലിയ ജീവഹാനി സംഭവിച്ചത്. ഇവിടെ കുറഞ്ഞത് 12 പേര്‍ മരിച്ചിരുന്നു. അതേസമയം, കന്‍സസില്‍ ഒരു ഹൈവേയില്‍ 50 ലധികം വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചതോടെയാണ് മരണസംഖ്യ കൂടുതല്‍ ഉയർന്നത്. വെള്ളിയാഴ്ച ഉണ്ടായ ഈ ദുരന്തം യാത്രാ സൗകര്യങ്ങളെ പൂര്‍ണമായും തകിടം മറിച്ചിരിക്കുകയാണ്.
അതേസമയം, കാലാവസ്ഥ ഇന്നും കൂടുതല്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ അര്‍ക്കന്‍സാസ്, ജോര്‍ജിയ എന്നിവിടങ്ങളിലെ ഗവര്‍ണര്‍മാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറാ ഹക്കബി ദുരന്ത നിവാരണ ഫണ്ടായി 2,50,000 ഡോളര്‍ അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.