ആശാ വര്‍ക്കര്‍മാരുടെ സമരം നിരാഹാരത്തിലേക്ക്; മന്ത്രിയുമായി കൂടിക്കാഴ്ച പരാജയം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം ഇന്ന് 39-ാം ദിവസത്തിലേക്ക് കടന്നപ്പോള്‍ സമരക്കാര്‍ നിരാഹാര സമരം ആരംഭിച്ചു. ഫെബ്രുവരി 10-ന് തുടങ്ങിയ സമരം 40-ാം ദിനത്തിലേക്ക് അടുക്കുമ്പോഴാണ് പ്രതീക്ഷയറ്റ ആശമാര്‍ മൂന്നാം ഘട്ട സമരത്തിലേക്ക് കടക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടെ പിന്തുണ സമരക്കാര്‍ക്ക് ലഭിച്ചു.
മന്ത്രി വീണാ ജോര്‍ജ്ജും ദേശീയ ആരോഗ്യ മിഷന്‍ (എന്‍എച്ച്എം) ഡയറക്ടറുമായ ഡോ. വിനയ് ഗോയലുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സമരം കൂടുതല്‍ ശക്തമാക്കാന്‍ ആശമാര്‍ തീരുമാനിച്ചത്. ഇന്നു രാവിലെ എം.എ. ബിന്ദു, കെ.പി. തങ്കമണി, ആര്‍. ഷീജ എന്നിവരാണ് നിരാഹാര സമരം ആരംഭിച്ചത്. ഡോ. കെ.ജി. താര ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ നിലപാട്
ഓണറേറിയം ₹21,000 ആക്കണം, വിരമിക്കല്‍ ആനുകൂല്യമായി ₹5 ലക്ഷം അനുവദിക്കണം എന്നീ ആവശ്യങ്ങളുമായി ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ട് വന്നെങ്കിലും സംസ്ഥാനത്തിന്റെ സാമ്പത്തിക പരിമിതികള്‍ പരിഗണിക്കണമെന്ന് എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍ പ്രതികരിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മന്ത്രി വീണാ ജോര്‍ജും സമരക്കാരോട് വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാല്‍ പ്രശ്‌ന പരിഹാരം ചര്‍ച്ച ചെയ്യാമെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നീളുന്നു
ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയില്‍ എത്തിയ മന്ത്രി വീണാ ജോര്‍ജിന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദയുമായി കൂടിക്കാഴ്ച നടത്താന്‍ ഇന്നലെ കഴിഞ്ഞില്ല. സമയം ലഭിക്കുകയാണെങ്കില്‍ ഇന്നു തന്നെ കൂടിക്കാഴ്ച നടത്തുമെന്നും അല്ലെങ്കില്‍ പിന്നീട് അവസരമൊരുക്കുമെന്നുമാണ് വീണാ ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.