ഹമാസ് ബന്ദികളെ വിട്ടയക്കില്ലെങ്കിൽ ഗാസയുടെ ഒരു ഭാഗം പിടിച്ചെടുക്കും: നെതന്യാഹു.

ഹമാസ് ബന്ദികളെ മോചിപ്പിക്കാൻ തയ്യാറാകില്ലെങ്കിൽ ഗാസയുടെ ഒരു ഭാഗം ഇസ്രായേൽ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ബിന്യാമിൻ നെതന്യാഹു. ബന്ദികളെ വിട്ടയക്കാൻ ഹമാസ് വൈകുന്നതോടെ അതിനുള്ള മറുപടി അതിശക്തമായിരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
വാഷിങ്ടണിൽ ഇസ്രായേൽ മന്ത്രി റോൺ ഡെർമർ അമേരിക്കൻ നേതാക്കളുമായി ചർച്ച നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പുതിയ മുന്നറിയിപ്പ്. ഈജിപ്ത് മുന്നോട്ടുവച്ച പുതിയ വെടിനിർത്തൽ നിർദേശത്തോട് ഇസ്രായേലിനും അമേരിക്കക്കും ഇപ്പോഴും അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഇന്നലെ രാത്രിയിൽ ചേർന്ന സുരക്ഷാ വിഭാഗം നേതാക്കളുടെ യോഗത്തിൽ ഗസ്സയിൽ സൈനിക നടപടി കടുപ്പിക്കാൻ നിർദ്ദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന്റെ ഭാഗമായി ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽ നിന്നൊഴിയാൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
സെയ്തൂൻ, തെൽ അൽ ഹവാ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്കാണ് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയം, ബിർ ഷെബക്കുനേരെ ഹമാസ് പോരാളികൾ അയച്ച റോക്കറ്റുകൾ പ്രതിരോധിച്ചതായി ഇസ്രായേൽ സേന അറിയിച്ചു.