ലോക മലയാളികൾക്ക് 24 കണക്ട് പദ്ധതിയുമായി ട്വന്റി ഫോർ

ന്യൂ ജേഴ്‌സി: ലോകമലയാളികളെ ഏകോപിപ്പിക്കുന്നതിനായി 24 കണക്ട് പദ്ധതി അമേരിക്കയിലേക്കും വ്യാപിപ്പിക്കുന്നു. മലയാളികൾക്ക് പരസ്പരം സഹായിക്കാനും തണലാകാനും സൗകര്യമൊരുക്കുന്ന ഈ സംരംഭത്തെക്കുറിച്ച് 24 ന്യൂസ് എഡിറ്റർ ഇൻ ചാർജ് പി.പി. ജെയിംസ് വിശദീകരിച്ചു.

പ്രളയകാലത്ത് മരുന്നും ഭക്ഷണവും ആവശ്യപ്പെട്ട് നിരവധി പേർ 24 ഓഫിസുമായി ബന്ധപ്പെടുകയും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സഹായങ്ങൾ കൂടുതൽ അവശ്യമായ സാഹചര്യമുണ്ടാവുകയും ചെയ്തതോടെയാണ് ഈ പദ്ധതിയുടെ രൂപീകരണത്തിന് ആലോചന തുടങ്ങിയത്. കേരളം നേരിടുന്ന ജനസംഖ്യാ മാറ്റങ്ങളും തൊഴിൽക്ഷേമ പ്രശ്നങ്ങളും മനസ്സിലാക്കിക്കൊണ്ടാണ് പദ്ധതി രൂപകൽപ്പന ചെയ്തത്.
കേരളത്തിൽ ജോലിചെയ്ത് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് യുവതലമുറയെ വിദേശ രാജ്യങ്ങളിലേക്ക് ഒഴുക്കുന്നത്. അതിനാൽ തന്നെ, ഭാവിയിൽ കേരളത്തിലെ ജനസംഖ്യയിൽ അറുപത് ശതമാനത്തോളം ആളുകൾ അമ്പത് വയസ്സിന് മുകളിലുള്ളവരായിരിക്കും. മികച്ച തൊഴിൽ അവസരങ്ങൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗുണമേൻമയുള്ള ജീവിതവ്യവസ്ഥ എന്നിവയുടെ അഭാവമാണ് ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഏകോപിപ്പിക്കുകയാണ് 24 കണക്ട് പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അർഹരായവർക്കായി നൂറ് വീടുകളുടെ നിർമ്മാണം ആരംഭിച്ചത്. അതുപോലെ, എസ്.കെ.യുടെ കേരളയാത്ര എന്ന പരിപാടിയും ശ്രദ്ധേയമാണ്.
കേരളത്തിൽ അതിവേഗം വ്യാപിക്കുന്ന മയക്കുമരുന്ന് ഉപയോഗം വലിയ ഭീഷണിയാകുകയാണ്. 35 വർഷം മുൻപ് അമേരിക്ക നേരിട്ട സിന്തറ്റിക് ഡ്രഗുകൾ കോളേജുകളിലും സ്കൂളുകളിലും വ്യാപകമായി എത്തുന്നതായി റിപ്പോർട്ടുകളുണ്ട്. ഇത് കുട്ടികളുടെ ഭാവിയെ തകർക്കുന്ന രീതിയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കൊലപാതകങ്ങൾ വർധിച്ചതായും നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഇത് നേരിടാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നും, ഈ പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനായി എല്ലാവരും ഒന്നിച്ചു നിൽക്കേണ്ടതുണ്ടെന്നും 24 കണക്ട് സംഘടനയുടെ ഭാരവാഹികൾ അഭിമുഖം നൽകി.
വയനാട്ടിൽ ദുരന്തം നേരിട്ടവർക്ക് സർക്കാർ സഹായം ഉറപ്പുവരുത്തുന്നതിനായി ശ്രമിക്കുന്നുണ്ടെങ്കിലും ആവശ്യത്തിനൊത്ത സഹായം ലഭ്യമാകുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ സാമൂഹിക സംഘടനകൾക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്ന് യോഗത്തിൽ ചർച്ചയായി.
മുൻ ഫോമാ പ്രസിഡന്റ് അനിയൻ ജോർജിന്റെ ഓഫിസിൽ ചേർന്ന യോഗത്തിൽ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, മുൻ ഫൊക്കാന പ്രസിഡന്റ് പോൾ കറുകപ്പള്ളി, മറ്റു സംഘടനാ നേതാക്കൾ എന്നിവർ പങ്കെടുത്തു. ട്വന്റി ഫോർ ഹെഡ് ഓഫ് ഓപ്പറേഷൻസ് മധു കൊട്ടാരക്കര നന്ദി രേഖപ്പെടുത്തി.