ട്രംപിന്റെ പുതിയ താരിഫുകൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് തിരിച്ചടിയാകും: ബിസിനസ് റൗണ്ട്ടേബിള്‍

വാഷിങ്ടൺ ∙ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ താരിഫ് നയങ്ങൾ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്ക് ദോഷകരമാണെന്ന് മുന്നറിയിപ്പ്. പ്രമുഖ സിഇഒമാരുടെ കൂട്ടായ്മയായ ബിസിനസ് റൗണ്ട്ടേബിള്‍ ആണ് താരിഫുകളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ച് ഭീഷണി മുഴക്കിയത്.
“സാർവത്രിക താരിഫുകൾ അമേരിക്കൻ നിർമ്മാതാക്കളെയും തൊഴിലാളികളെയും കുടുംബങ്ങളെയും കയറ്റുമതിക്കാരെയും ഗുരുതരമായി ബാധിക്കും,” ബിസിനസ് റൗണ്ട്ടേബിള്‍ സിഇഒ ജോഷ്വ ബോൾട്ടൻ വ്യക്തമാക്കി. “താരിഫുകൾ തുടരുന്നിടത്തോളം സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ ഉയർന്നേക്കും. പ്രതികാര നടപടികൾ മൂലം അത് കൂടുതൽ വഷളാകാനുള്ള സാധ്യതയുമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ ലക്ഷ്യം “മികച്ചതും ന്യായയുക്തവുമായ വ്യാപാര ഇടപാടുകൾ ഉറപ്പാക്കുക” എന്നതാണെങ്കിലും യുഎസ് സാധനങ്ങളുടെ താരിഫ് കുറയ്ക്കുന്ന കാര്യത്തിൽ കൂടുതൽ ചർച്ചകളുടെയും ഇളവുകളുടെയും ആവശ്യമുണ്ടെന്ന നിലപാടിലാണ് ബിസിനസ് റൗണ്ട്ടേബിള്‍. “അങ്ങനെയൊരു സമീപനം കൈക്കൊള്ളാൻ ഞങ്ങൾ ഭരണകൂടത്തെ ശക്തമായി പ്രോത്സാഹിപ്പിക്കും,” ബോൾട്ടൻ വ്യക്തമാക്കി.
ബിസിനസ് റൗണ്ട്ടേബിള്‍ അംഗങ്ങളായി 200-ലധികം പ്രമുഖ യുഎസ് കമ്പനികളുടെ സിഇഒമാരുണ്ടെന്ന് റിപ്പോർട്ട്. ബോർഡിൽ ജിഎം സിഇഒ മേരി ബാര, ആപ്പിൾ സിഇഒ ടിം കുക്ക്, ജെപി മോർഗൻ ചേസ് സിഇഒ ജാമി ഡിമോൺ തുടങ്ങിയ പ്രമുഖർ ഉൾപ്പെടുന്നു.