ഗോപിനാഥ് മുതുകാടിന് ഓസ്ട്രേലിയയില്‍ ആദരം

തിരുവനന്തപുരം: ഇന്ദ്രജാല കലയ്ക്കു നല്‍കിയ സംഭാവനകളും മാനവികതയിലൂന്നിയുള്ള സേവന പ്രവര്‍ത്തനങ്ങളും മുന്‍ നിര്‍ത്തി മജീഷ്യന്‍ ഗോപിനാഥ് മുതുകാടിനെ സൗത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്റില്‍ ആദരിച്ചു. സൗത്ത് ഓസ്ട്രേലിയന്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ സ്‌റ്റേറ്റ് പ്രീമിയറുമായ ജിംഗ് ലീ പ്രശസ്തി പത്രം നല്‍കിയും പൊന്നാട അണിയിച്ചുമാണ് മുതുകാടിനെ ആദരിച്ചത്. ലോകമെമ്പാടുമുള്ള നിരവധി വ്യക്തികളെയും സമൂഹത്തെയും ഉയര്‍ത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന മുതുകാടിന്റെ നിസ്തുലമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ആദരം നല്‍കിയത്. പ്രത്യേക ക്ഷണിതാവായി എത്തിയ മുതുകാടിനെ ജിംഗ് ലീ പാര്‍ലമെന്റ് ഹൗസിലേയ്ക്കാണ് സ്വീകരിച്ച് കൂട്ടിക്കൊണ്ട് പോയത്. പാര്‍ലമെന്റിന്റെ നടപടി ക്രമങ്ങളെപ്പറ്റിയും ആചാരങ്ങളെപ്പറ്റിയും അവര്‍ വിശദീകരിച്ചു. ഈ ആദരം തന്റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ നേട്ടമാണെന്ന് മുതുകാട് പറഞ്ഞു. എം ക്യൂബ് പരിപാടി അവതരിപ്പിക്കുന്നതിനായാണ് മുതുകാടും സംഘവും ഓസ്ട്രേലിയയില്‍ എത്തിയത്. ഗായകരായ അതുല്‍ നറുകര, ശ്വേത അശോക്, വിഷ്ണു അശോക്, എന്നിവര്‍ക്കൊപ്പം ഭരതരാജന്‍, നാസര്‍, പ്രീതി, ജെയിംസ്, പോളി, റോയി എന്നിവര്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തില്‍ പങ്കെടുത്തു. പര്യടനം കഴിഞ്ഞ് മെയ് 10ന് തിരിച്ചെത്തും.