ഫൊക്കാന ഹെൽത്ത് കാർഡ് വിപുലീകരിച്ചു: ആറു പ്രമുഖ ആശുപത്രികളുമായി പുതിയ അഫിലിയേഷൻ

പ്രവാസി മലയാളികൾക്ക് ആരോഗ്യപരിചരണസൗകര്യങ്ങൾ കൂടുതൽ ലഭ്യമായതാക്കാൻ ഫൊക്കാന (ഫെഡറേഷൻ ഓഫ് കേരളാ അസോസിയേഷന്സ് ഇൻ നോർത്ത് അമേരിക്ക) മെഡിക്കൽ കാർഡ് പദ്ധതി വിപുലപ്പെടുത്തി. പുതുതായി കേരളത്തിലെ ആറു പ്രമുഖ ആശുപത്രികളുമായി അഫിലിയേറ്റ് ചെയ്ത് ഈ പദ്ധതി ജനപ്രിയമാക്കുകയാണ് ഫൊക്കാനയുടെ ലക്ഷ്യം.
കൊച്ചിയിലെ രാജഗിരി ആശുപത്രി, പാലായിലെ മെഡ്സിറ്റി, തിരുവല്ലയിലെ ബിലീവേഴ്സ് ഹോസ്പിറ്റൽ, കോഴിക്കോട് ബേബി മെമ്മോറിയൽ, തിരുവനന്തപുരം കിംസ് ഹോസ്പിറ്റൽ, കോട്ടയം കാരിത്താസ് ഹോസ്പിറ്റൽ എന്നിങ്ങനെയുള്ള പ്രമുഖ ആരോഗ്യസ്ഥാപനങ്ങളാണ് പുതിയതായി ഫൊക്കാനയുടെ ഹെൽത്ത് കാർഡ് പദ്ധതിയുമായി കൈകോര്‍ത്തത്.
ഫൊക്കാനയിലെ അംഗസംഘടനകളിലെ അംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നാട്ടിലെ ബന്ധുക്കൾക്കും ഈ കാർഡിന്റെ അടിസ്ഥാനത്തിൽ വിവിധ ഇളവുകളും പ്രത്യേക ചികിത്സാപരിഗണനകളും ലഭ്യമാണ്. ചികിത്സാ ചെലവിൽ ഡിസ്കൗണ്ടുകൾ, മുൻഗണനാ സേവനങ്ങൾ, ഹെൽത്ത് ചെക്കപ്പുകൾ ഉൾപ്പെടെയുള്ള പ്രത്യേക പ്രിവിലേജുകൾ ഇതിലൂടെ ലഭിക്കും. അമേരിക്കയിലും കാനഡയിലും സ്ഥിരതാമസമുളള മലയാളികൾക്ക് ഈ ഹെൽത്ത് കാർഡ് സൗജന്യമായി നൽകുന്നു.
ഡെന്റൽ, കോസ്മറ്റിക് തുടങ്ങിയ ഇൻഷുറൻസിൽ ഉൾപ്പെടാത്ത ചികിത്സകൾക്കു പോലും ഫൊക്കാന ഹെൽത്ത് കാർഡ് ഉപയോഗിച്ച് സൗകര്യപ്രദമായി സേവനങ്ങൾ ലഭ്യമാക്കാം. നാട്ടിലെ പ്രായമായ മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഓൺലൈനിൽ ഡോക്ടറെ കാണാനും അപ്പോയിന്റ്മെന്റ് എടുക്കാനും കഴിയുന്ന സംവിധാനവും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്. വിദൂരമേഖലകളിലും സുരക്ഷിതമായ ചികിത്സ ലഭ്യമാക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
2020 മുതൽ 2022 വരെ പ്രസിഡന്റായിരുന്ന ജോർജി വർഗീസിന്റെയും സെക്രട്ടറിയായിരുന്ന സജിമോൻ ആന്റണിയുടെയും നേതൃത്വത്തിലാണ് ഫൊക്കാന ഹെൽത്ത് കാർഡിന്റെ തുടക്കം. തുടക്കത്തിൽ കൊച്ചിയിലെ രാജഗിരി ആശുപത്രിയുമാത്രമായിരുന്നു പങ്കാളിയാകുന്നത്. ഇന്ന് ആറു പ്രമുഖ ആശുപത്രികളുമായി സഹകരിച്ചിട്ടുള്ള ഈ വിപുലീകരണം ഫൊക്കാനയുടെ ആരോഗ്യപരമായ സാമൂഹിക പ്രതിബദ്ധതയെ വ്യക്തമാക്കുന്നു.
നിലവിലെ ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിലാണ് ഈ പുതിയ ഭാഗമായി പദ്ധതി കൂടുതൽ കാര്യക്ഷമമായി നടപ്പാക്കപ്പെട്ടത്. മലയാളികളുടെ ആരോഗ്യക്ഷേമം ലക്ഷ്യമിട്ട് രൂപപ്പെടുത്തിയിരിക്കുന്ന ഈ സംരംഭം ലോകമെമ്പാടുമുള്ള പ്രവാസിമലയാളികൾക്കും അവരുടെ നാട്ടിലേക്കുള്ള ബന്ധത്തിനും ഏറ്റവും വലിയ സഹായമാകുമെന്ന് ഫൊക്കാന പ്രതീക്ഷിക്കുന്നു.