വിമാനത്താവളത്തിൽ ഇന്ത്യൻ യുവാവിനെ കൈവിലങ്ങിട്ട് വീഴ്‌ത്തിയത് വിവാദമായി; ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടു

ന്യൂയോർക്ക് : ന്യൂജഴ്സിയിലെ നെവാർക്ക് ലിബർട്ടി വിമാനത്താവളത്തിൽ ഒരു ഇന്ത്യൻ യുവാവിനെ പൊലീസ് വിലങ്ങിട്ട് നിലത്ത് കിടത്തുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നു. ഈ സംഭവത്തെ തുടർന്ന് അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റ് അടിയന്തിരമായി ഇടപെട്ടു.
പോർട്ട് അതോറിറ്റി പൊലീസ് ഉദ്യോഗസ്ഥർ യുവാവിനെ മനുഷ്യത്വരഹിതമായ രീതിയിൽ കൈകാര്യം ചെയ്യുന്ന വീഡിയോയാണ് ഇന്ന് വിവാദമായത്. ഹരിയാനയിൽ നിന്നുള്ളതെന്ന് കരുതുന്ന യുവാവ് “ഞാൻ ഭ്രാന്തനല്ല, ഇവർ എന്നെ ഭ്രാന്തനായി ചിത്രീകരിക്കുകയാണ്” എന്നുമാണ് നിലത്ത് കിടന്ന് വിലപിച്ചത്. ഈ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ഇന്തോ-അമേരിക്കൻ ബിസിനസുകാരൻ കുനാൽ ജെയിൻ, യുവാവിന്റെ വിമാനയാത്ര നിരസിച്ചെന്നതും അതിനെ തുടർന്ന് അതിക്രമം നടത്തിയെന്നുമാണ് ആരോപിച്ചത്.
സംഭവം ഇന്ത്യയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽ പെടുത്തിയതോടെയാണ് കോൺസുലേറ്റ് ജനറൽ ഉടൻ പ്രതികരിച്ചത്. ന്യൂജഴ്സിയിലെ ബന്ധപ്പെട്ട അധികാരികളുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ശേഖരിക്കുകയാണെന്നും, സംഭവത്തിന്റെ പശ്ചാത്തലത്തിൽ ന്യൂഡൽഹിയിലെ യുഎസ് എംബസിയോടും വിശദീകരണം തേടിയതായും കോൺസുലേറ്റ് അറിയിച്ചു.
ഇതുവരെ യുവാവിന്റെ പൂർണ തിരിച്ചറിയലോ യാത്രാ ലക്ഷ്യമോ പുറത്ത് വന്നിട്ടില്ല. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഉയരുന്ന പ്രതികരണങ്ങൾ വ്യക്തമാക്കുന്നത് ഈ സംഭവത്തിൽ വ്യക്തമായ അന്വേഷണം ആവശ്യമാണ് എന്നതാണ്.