അമേരിക്കയുടെ സമ്മർദ്ദം: ടെക് നികുതി പിൻവലിച്ച് കാനഡ; വ്യാപാര തർക്കത്തിന് ഇടവേള

ന്യൂയോർക്ക് : കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കം താൽക്കാലികമായി അവസാനിച്ചതായി കാനഡയുടെ പ്രധാനമന്ത്രി മാർക്ക് കാർണി അറിയിച്ചു. കാനഡ ഏർപ്പെടുത്തിയിരുന്ന ടെക് നികുതി പിൻവലിച്ചതാണ് ഇതിന് കാരണമായത്.
അമേരിക്കൻ ടെക് കമ്പനികളിൽ നിന്ന് 3 ശതമാനം ഡിജിറ്റൽ സർവീസ് നികുതി (DST) ഈടാക്കാനാണ് കാനഡ മുൻപ് തീരുമാനിച്ചത്. ഈ നീക്കം അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ശക്തമായി എതിർക്കുകയും, അതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
എന്നാൽ, ഞായറാഴ്ച പ്രധാനമന്ത്രി കാർണിയും പ്രസിഡന്റ് ട്രംപും ഫോണിൽ നടത്തിയ ചര്‍ച്ചയ്ക്കുശേഷം വീണ്ടും ചർച്ചകൾ ആരംഭിക്കാനുള്ള തീരുമാനം എടുത്തു. ജൂലൈ 21-നകം ഒരു പുതിയ വ്യാപാര കരാറിൽ എത്താനാണ് ഇരുരാജ്യങ്ങളും ശ്രമം തുടരുന്നത്.
അമേരിക്കയുമായി നല്ല ബന്ധം തുടരുന്നത് കാനഡയുടെ സമ്പദ് വ്യവസ്ഥയ്ക്കും രാജ്യാന്തര വ്യാപാരത്തിനും വളരെ പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു.




