
ന്യൂയോർക്ക് : കേരളത്തിലെ പ്രമുഖ വിമാനത്താവളങ്ങളുമായി സഹകരിച്ച് യാത്രക്കാർക്കായി ‘പ്രിവിലേജ് കാർഡ്’ പദ്ധതിക്ക് തുടക്കം കുറിച്ച് പ്രവാസി മലയാളി സംഘടന ഫൊക്കാന (FOKANA). ഇതിനായുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കേരളത്തിലെ മേജർ എയർപോർട്ടുകളായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടുമായും തിരുവനന്തപുരം എയർപോർട്ടുമായും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രിവിലേജ് കാർഡ് ഉപയോഗിച്ച് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് കൊച്ചിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 10% ഡിസ്കൗണ്ടും, തിരുവനന്തപുരം വിമാനത്താവളത്തിൽ 15% വരെ ഡിസ്കൗണ്ടും (അറൈവൽ ഫ്ലൈറ്റിൽ 15%, ഡിപ്പാർച്ചർ ഫ്ലൈറ്റിൽ 10%) ലഭിക്കും. ചരിത്രത്തിൽ ആദ്യമായാണ് ഒരു പ്രവാസി സംഘടന ഒരു സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളുമായി ഇത്തരമൊരു ധാരണയിലെത്തുന്നത്.
ഫൊക്കാന പ്രിവിലേജ് കാർഡ് വിമാനത്താവളത്തിൽ ഉപയോഗിക്കുമ്പോൾ, QR കോഡ് സ്കാൻ ചെയ്യേണ്ടതുണ്ട്. കാർഡ് ഉടമയുടെ പേര് പാസ്പോർട്ടിലെ പേരുമായി ഒത്തുനോക്കിയതിന് ശേഷം മാത്രമേ ആനുകൂല്യം ലഭിക്കുകയുള്ളൂ. അതിനാൽ, ഒരു വീട്ടിൽ ഒന്നിലധികം അംഗങ്ങൾ ഈ ആനുകൂല്യം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഓരോ വ്യക്തിക്കും പ്രത്യേകം കാർഡ് ആവശ്യമാണ്.
5 ഡോളർ ചെലവ് വരുന്ന കാർഡിന് ഫൊക്കാന 2 ഡോളർ മാത്രമാണ് സർവീസ് ചാർജ് ഈടാക്കുന്നത്. ബാക്കി തുക സംഘടന വഹിക്കും. പ്രിവിലേജ് കാർഡിനായുള്ള ഇലട്രോണിക് രജിസ്ട്രേഷൻ ഫോം https://fokanacard.com ൽ നിന്നും ലഭിക്കുന്നതാണ്. ഫൊക്കാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഈ ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
