“സ്വാഗ്” കൊണ്ടുവന്ന് സംഗീതലോകം കുലുക്കി: ജസ്റ്റിന്‍ ബീബറിന്റെ പുതിയ ആല്‍ബം പ്രകാശനം

ജനപ്രിയ കനേഡിയന്‍ ഗായകന്‍ ജസ്റ്റിന്‍ ബീബര്‍ തന്റെ പുതിയ ആല്‍ബം പുറത്തിറക്കി ആരാധകരെ അമ്പരിപ്പിച്ചു. “സ്വാഗ്” എന്നാണ് പുതിയ ആല്‍ബത്തിന് പേര്. ബീബറിന്റെ ആരാധകരായ ‘ബിലീബേഴ്സ്’ ആവേശത്തോടെ ആല്‍ബത്തെ സ്വീകരിച്ചിരിക്കുകയാണ്.
21 ഗാനങ്ങളുള്ള ഈ ആല്‍ബം ഒരു മണിക്കൂറില്‍ താഴെ ദൈര്‍ഘ്യമുള്ളതാണ്. ‘ഡാഡ്സ് ലവ്’, ‘ഡിവോഷന്‍’, ‘തെറാപ്പി സെഷന്‍’ തുടങ്ങിയ ഗീതങ്ങളാണ് ഈ ആല്‍ബത്തിലുള്‍പ്പെടുന്നത്. 2021-ല്‍ പുറത്തിറങ്ങിയ ‘പര്‍പ്പസ്’ എന്ന ആല്‍ബത്തിന് ശേഷമുള്ള ബീബറിന്റെ വലിയ തിരിച്ചുവരവാണ് ഇത്.

2012-ലെ ഹിറ്റ് ആല്‍ബമായ ‘ബോയ്ഫ്രണ്ട്’ എന്നതിലെ “സ്വാഗ്, സ്വാഗ്, സ്വാഗ് ഓണ്‍ യു” എന്ന വരിയുമായി ബന്ധിപ്പിച്ചാണ് പുതിയ ആല്‍ബത്തിന് “സ്വാഗ്” എന്ന പേര് ലഭിച്ചിരിക്കുന്നത്. ഈ പേരിലൂടെ തന്നെ പുതിയ കാലഘട്ടം ആരംഭിക്കുകയാണ് ബീബര്‍.
ആല്‍ബം പുറത്തിറങ്ങിയതിനെ തുടർന്നുള്ള ആഘോഷത്തില്‍ നിരവധി പ്രശസ്തരും പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ റാപ്പര്‍ ബിഗ് സീനും പ്രമുഖ മ്യൂസിക് കമ്പനി ഡെഫ് ജാം റെക്കോര്‍ഡിംഗ്സും ആല്‍ബത്തിന് അഭിനന്ദനവുമായി രംഗത്തെത്തി.
ഡെഫ് ജാം പുറത്തിറക്കിയ കുറിപ്പില്‍, “ഭര്‍ത്താവായും പിതാവായും ബീബര്‍ പുലര്‍ത്തുന്ന ആത്മാര്‍ത്ഥതയും സമര്‍പ്പണവും സംഗീതത്തില്‍ പ്രതിഫലിക്കുന്നു. ഈ ആല്‍ബം അദ്ദേഹത്തിന്റെ ഏറ്റവും വ്യക്തിപരമായ കൃതികളിലൊന്നാണ്,” എന്നായിരുന്നു പ്രതികരണം.
ഇതിന് മുമ്പ് ബീബറിന്റെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ആശങ്കകളും പാപ്പരാസികള്‍ നടത്തിയ സ്വകാര്യതാ ലംഘനവുമൊക്കെ ഏറെ ചര്‍ച്ചയായി. സ്വന്തം മനോഭാവങ്ങളെക്കുറിച്ചും ആത്മസംഘര്‍ഷങ്ങളെക്കുറിച്ചും താരം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ തുറന്ന് പറഞ്ഞു. “ഞാന്‍ തകര്‍ന്നിരിക്കുന്നു, എനിക്ക് മുന്‍കോപം വളരെ കൂടിയിരിക്കുന്നു” എന്നതുപോലുള്ള അദ്ദേഹത്തിന്റെ കുറിപ്പുകള്‍ ആരാധകരെ ക്ഷോഭിതരാക്കി.
2023-ല്‍ ബീബര്‍ സംഗീതജീവിതത്തില്‍ നിന്നും പിന്‍വാങ്ങുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിനെ തിരിച്ചു വരവിനുള്ള ഇടവേളയായി ആരാധകര്‍ കണ്ടിരുന്നു. ആ സമയത്ത് തന്റെ മുഴുവന്‍ പാട്ടുകളുടെയും അവകാശം ഏകദേശം 1644 കോടി രൂപയ്ക്ക് യൂണിവേഴ്സല്‍ മ്യൂസിക് ഗ്രൂപ്പിന് ബീബര്‍ കൈമാറിയിരുന്നു.
‘ബേബി’, ‘ബോയ്ഫ്രണ്ട്’, ‘പീച്ചസ്’ തുടങ്ങിയ ഹിറ്റുകള്‍ നല്‍കിയ യുവതാരമായ ജസ്റ്റിന്‍ ബീബര്‍ വീണ്ടും സംഗീതലോകത്തെ അതിര്‍ത്തികളിലേക്ക് നയിക്കുകയാണ്. പുതിയ ആല്‍ബമായ “സ്വാഗ്” ഇതിനോടകം തന്നെ വലിയ ഹിറ്റായി മാറിയിരിക്കുകയാണ്.




