ട്രംപ് ഉത്തരവ്: യുഎസ്-മെക്‌സിക്കോ അതിര്‍ത്തി മതിലില്‍ കറുത്ത പെയിന്റ്

വാഷിംഗ്ടണ്‍ : യുഎസ്-മെക്‌സിക്കോ അതിര്‍ത്തി മതിലില്‍ കറുത്ത പെയിന്റ് അടിക്കാൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ചതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനായുള്ള നടപടിയുടെ ഭാഗമായിട്ടാണ് ഈ തീരുമാനം.
കറുത്ത പെയിന്റ് അടിക്കുമ്പോൾ മതിലിന് ചൂട് കൂടുതലാകുകയും അതുവഴി കുടിയേറ്റക്കാര്‍ക്ക് മതിലില്‍ കയറാന്‍ കഴിയാതെ വരികയും ചെയ്യുമെന്ന് ട്രംപ് വ്യക്തമാക്കിയതായി നോം ന്യൂ മെക്‌സിക്കോയിലെ സാന്താ തെരേസയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. “പ്രസിഡന്റിന്റെ നിര്‍ദ്ദേശപ്രകാരം ഇവിടെ മതില്‍ കറുപ്പാക്കി പൂശാന്‍ പോകുകയാണ്. ഇത് കൂടുതല്‍ ചൂടേറിയതാക്കും, അതിനാല്‍ ആളുകള്‍ക്ക് കയറാന്‍ ബുദ്ധിമുട്ടാകും. മതില്‍ തന്നെയാണ് ഇതിനകം തന്നെ വളരെ ഉയരമുള്ളത്, കയറുന്നത് ഏറെ പ്രയാസകരമാണ്, മിക്കവാറും അസാധ്യമാണ്” – എന്ന് അവര്‍ പറഞ്ഞു.
തെക്കന്‍ അതിര്‍ത്തി സുരക്ഷ ശക്തിപ്പെടുത്തുന്നതിനും നിയമവിരുദ്ധമായി അമേരിക്കയില്‍ കഴിയുന്ന കുടിയേറ്റക്കാരെ നാടുകടത്തുന്നതിനുമായി ട്രംപ് ഭരണകൂടം കഴിഞ്ഞ മാസം ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന് 165 ബില്യണ്‍ ഡോളര്‍ അനുവദിച്ചിരുന്നു. ഇതില്‍ 46.5 ബില്യണ്‍ ഡോളര്‍ പുതിയ അതിര്‍ത്തി മതിലിന്റെ നിര്‍മ്മാണത്തിനായി മാറ്റിവെച്ചിട്ടുണ്ട്. ട്രംപ് അധികാരത്തിലെത്തിയ കാലഘട്ടത്തിലാണ് ഈ മതിലിന്റെ നിര്‍മ്മാണം ആരംഭിച്ചത്.




